ലോക്സഭാ തെരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കും
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കണ്ണൂർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.
സാമൂഹ്യ മാധ്യമ നിരീക്ഷണത്തിനായി ഒരു നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ ഉണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ ഇടപെടല്‍, വ്യാജവാര്‍ത്തകള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാകും. ഇത്തരം സംഭവങ്ങളില്‍ പെരുമാറ്റചട്ടലംഘനത്തിന് പുറമെ ഐടി നിയമവും ക്രിമിനല്‍ നടപടി നിയമവും പ്രകാരമുള്ള നടപടികളും സ്വീകരിക്കും.
പ്രചാരണ പരിപാടികളില്‍ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഹരിത പെരുമാറ്റചട്ടം കൃത്യമായി പാലിക്കണം. പ്രചാരണത്തിനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ നിരോധിത വസ്തുക്കള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിന് എല്ലാ പാര്‍ട്ടികളും തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് കൂട്ടിചേര്‍ക്കലിനും ഒഴിവാക്കലിനുമുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്ന നടപടി ജില്ലയില്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. ഈ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇ.ആര്‍.ഒമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ആവശ്യമായ പരിശോധനയും വിചാരണയും നടത്തിയാണ് അപേക്ഷകള്‍ തീര്‍പ്പാക്കുക. ജില്ലയില്‍ ഇതുവരെ കാര്യമായ പരാതികള്‍ ഉണ്ടായിട്ടില്ല. കൃത്യമായ വിവരത്തോടെ പരാതി നല്‍കിയാല്‍ നിഷ്പക്ഷമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എന്‍. ചന്ദ്രന്‍ (സി.പി.ഐ.എം), കെ.സി. മുഹമ്മദ് ഫൈസല്‍, കെ. ബാലകൃഷ്ണന്‍ (ഐ.എന്‍.സി), ബിജു ഏളക്കുഴി (ബി.ജെ.പി), ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ് എം.), ജോണ്‍സണ്‍ പി. തോമസ് (ആര്‍.എസ്.പി), വെള്ളോറ രാജന്‍ (സി.പി.ഐ), നസീര്‍ ചാലാട്, ബി.കെ. അഹമ്മദ് (ഐ.യു.എം.എല്‍), ടി.ടി. സ്റ്റീഫന്‍ (എ.എ.പി), മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.