മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

post

കണ്ണൂർ ജില്ലയിലെ മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ നിടുവോട്ടുംകുന്ന് പ്രദേശത്ത് പഴശ്ശി ഇറിഗേഷന്‍ വിട്ടുനല്‍കിയ 1.03 ഏക്കറിലാണ് പുതിയ കെട്ടിടം പണിതത്.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും 5.53 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 1062 ചതുരശ്ര മീറ്ററുള്ള താഴത്തെ നിലയില്‍ വാഹനങ്ങള്‍ക്കുള്ള ഗ്യാരേജ്, വെയിറ്റിംഗ് ഏരിയ, മെക്കാനിക് റൂം, സ്റ്റോര്‍ റൂം, ഫ്യുവല്‍ ആന്റ് ലൂബ്രിക്കന്റ് റൂം, വാച്ച് റൂം, റെക്കോര്‍ഡ് റൂം, ഓഫീസ് റൂം, മെഡിക്കല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് മുറി, കിച്ചണ്‍, പാന്‍ട്രി, ഡൈനിംഗ്, സ്റ്റോര്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവയും സ്റ്റേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്നിവരുടെ മുറികളുമാണ് ഒരുക്കിയിട്ടുള്ളത്. 625 ചതുരശ്ര മീറ്ററിലുള്ള ഒന്നാം നിലയില്‍ ജീവനക്കാര്‍, മറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള റസ്റ്റ് റൂം, റിക്രിയേഷന്‍ റൂം, ജിം ഏരിയ, സ്റ്റോര്‍ റൂം, ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണുള്ളത്. 2022 ജൂണിലാണ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്.


എല്ലാ ദുരന്തമേഖലകളിലും ഇടപെടാന്‍ കഴിയുന്ന രീതിയില്‍ അഗ്‌നിരക്ഷാ സേനയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെയും ജനങ്ങളുടെയും സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അഗ്‌നിരക്ഷാ സേന നടത്തുന്നത്. സേനയുടെ ആധുനികവല്‍ക്കരണം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് തുടക്കമിട്ടത്. അത് കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ട് പോവുകയാണ്. ബജറ്റില്‍ ഈ വര്‍ഷം 74 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതുവരെ 499.12 കോടി രൂപയാണ് സേനയുടെ ആധുനികവല്‍ക്കരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനാണ് സിവില്‍ ഡിഫന്‍സ് സംവിധാനം കേരളത്തില്‍ ആരംഭിച്ചത്. പരിശീലനം ലഭിച്ച പതിനായിരത്തോളം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ നിലവില്‍ കേരളത്തിലുണ്ട്. അവര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശിലാഫലകവും എം.എല്‍.എ അനാച്ഛാദനം ചെയ്തു.