കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക സാംസ്‌കാരിക നിലയത്തിന് ഒന്നരക്കോടിയുടെ പദ്ധതി

post

കവി കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക സാംസ്‌കാരിക നിലയ നിര്‍മ്മാണത്തിന് അന്തിമരൂപരേഖയായി. കവിയുടെ കുടുംബാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതാ കുടീര ട്രസ്റ്റ് കൈമാറിയ ബദിയടുക്കയിലെ സ്ഥലത്താണ് സ്മാരകം നിര്‍മ്മിക്കുന്നത്. കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ അരക്കോടി രൂപയും കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഒരു കോടി രൂപയും ചിലവഴിച്ചാണ് ബഹുഭാഷ പണ്ഡിതന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്മാരകമുയരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

നിര്‍മ്മാണത്തിന് മുന്‍പ് ജില്ലാ പഞ്ചായത്തും കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും തമ്മില്‍ കരാര്‍ ഒപ്പുവെക്കും. വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കുതകുന്ന തരത്തിലായിരിക്കണം നിര്‍മ്മാണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി അധ്യക്ഷന്‍, കവിതാ കുടീര ട്രസ്റ്റ് പ്രതിനിധികള്‍, എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെയും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി പ്രതിനിധികള്‍ എന്നിവരും നിര്‍മ്മാണ നിരീക്ഷണ സമിതിയില്‍ ഉണ്ടാകും.