ഉരുള്‍ കവര്‍ന്ന പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം

post

ദുരന്ത ധനസഹായ വിതരണം പൂര്‍ത്തിയായി


സമാനതകളില്ലാതെ കേരളം കണ്ട പെട്ടിമുടി ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. ഇരുള്‍പുലര്‍ന്നപ്പോള്‍ പെട്ടിമുടിയില്‍ കണ്ട കാഴ്ച്ച അത്യന്തം ഭയാനകവും സമാനതകള്‍ ഇല്ലാത്തതുമായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്കിടയിലൂടെ നാടൊന്നാകെ ദുരന്തഭൂമിയിലേക്കോടിയെത്തി. കണ്‍മുമ്പില്‍ കാണുന്നതിലും വലുതായിരുന്നു പെട്ടിമുടിയില്‍ സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ പഴുതടച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

അന്ന് വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന എംഎം മണിയുള്‍പ്പെടെയുള്ള മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഘാനും ദുരന്തബാധിതമേഖലയില്‍ നേരിട്ടെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ ഏകോപിപ്പിച്ചു. മനുഷ്യസാധ്യമായതൊക്കെയും സര്‍ക്കാരും ജില്ലാ ഭരണകൂടവും പെട്ടിമുടിയിലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചു. കിലോമീറ്ററുകള്‍ ദൂരത്തുനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കനത്ത മഴയും മുടല്‍മഞ്ഞും വന്യജീവി സാന്നിധ്യവുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. കൊവിഡ് ആശങ്ക നിലനിന്നിട്ടും ഒറ്റക്കെട്ടായി കൈമെയ് മറന്നെല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു. ഒരുമാസത്തോടടുത്ത തിരച്ചില്‍ ജോലികള്‍ക്കൊടുവില്‍ നാല് പേരൊഴികെ മറ്റെല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌ക്കരിച്ചു. ദുരന്തത്തില്‍ മരിച്ചവരെ സമീപത്തെ മൈതാനത്താണ് അടക്കം ചെയ്തത്.

പെട്ടിമുടി ദുരന്തശേഷമുള്ള സര്‍ക്കാരിന്റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും ഇടപെടലും പുനരധിവാസവും വേഗത്തിലായിരുന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ എട്ട് കുടുംബാംഗങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കമ്പനിയുടെ സഹായത്തോടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണവും സര്‍ക്കാര്‍ വേഗത്തിലാക്കി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരിമാരുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കണ്ണന്‍ ദേവന്‍ കമ്പനിയും ഇടപെടലുകളുമായി ദുരന്തബാധിതര്‍ക്കൊപ്പം നിന്നു. പെട്ടിമുടിയില്‍ ഇന്നതെല്ലാം കണ്ണീരോര്‍മ്മകളാണ്.

ദുരന്തം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണവും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞ 66 പേരുടെ ആശ്രിതര്‍ക്കും ഇതിനോടകം ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍ കാണാതായ 4 പേര്‍ മരണപ്പെട്ടതായി കണക്കാക്കി ഇവരുടെ അനന്തരാവകാശികള്‍ക്ക് ധനസഹായം അനുവദിച്ച് നല്‍കുന്നതിനുണ്ടായിരുന്ന നിയമ തടസ്സങ്ങള്‍ നീക്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് ധനസഹായം അനുവദിച്ച് ഉത്തരവായതോടു കൂടിയാണ് ധനസഹായ വിതരണം പൂര്‍ത്തിയായത്.