അറക്കുളം പഞ്ചായത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു

post

ഇടുക്കി ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനം അറക്കുളം പഞ്ചായത്തില്‍ ആചരിച്ചു. അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ സൈമണ്‍ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് നിര്‍വഹിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാന വിതരണവും കര്‍ഷകര്‍ക്കായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, ടിഷ്യൂ കള്‍ച്ചര്‍ വാഴ, സൂക്ഷ്മ മൂലക കിറ്റ് വിതരണവും നടത്തി.

പരിപാടിയില്‍ ജില്ലാ അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (എറ്റിഎംഎ) പ്രോജക്റ്റ് ഡയറക്ടര്‍ ഡീന എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മണ്ണ് പര്യവേക്ഷണ ഓഫീസര്‍ ബിനിമോള്‍ കെ. എസ് മണ്ണ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ണ് പര്യവേക്ഷണ ഓഫീസര്‍ ആഷിദ പി.വി എംഎഎം (മണ്ണിനെ അറിയാം മൊബൈലിലൂടെ) മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനവും മണ്ണ് സംരക്ഷണവും എന്ന വിഷയത്തില്‍ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സിമി അഷ്‌റഫ് സെമിനാര്‍ നയിച്ചു. മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീതു ജി.എസ്, ഇടുക്കി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിതമോള്‍, കൃഷി ഓഫീസര്‍ സുജിഷ, പഞ്ചായത്ത് മെമ്പര്‍മാര്‍, വകുപ്പ് ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.