ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഇൻസ്ട്രക്ടർമാർക്ക് പരീക്ഷാ പരിശീലനം നൽകി

post

ജില്ലയിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ഇൻസ്ട്രക്ടർമാർക്ക് പരീക്ഷാ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന മേഖലാ പരിശീലന പരിപാടി ആരംഭിച്ചു. കട്ടപ്പന നഗരസഭാഹാളിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ വൈസ് ചെയർപേഴ്‌സൻ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ ബിജു അധ്യക്ഷയായി. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം , അസിസ്റ്റന്റ് കോർഡിനേറ്റർ ജെമിനി ജോസഫ്, വിനു പി ആന്റണി, മിനി ടി, ഗീതമ്മ ,അശ്വതി എന്നിവർ പരിശീലത്തിന് നേതൃത്വം നൽകി. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സാക്ഷരത മിഷൻ ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളിലെ 6000 നിരക്ഷരരെ മലയാളത്തിൽ സാക്ഷരരാക്കുകയാണ് ഉല്ലാസ് പദ്ധതിയുടെ ലക്ഷ്യം. അടിമാലി, മൂന്നാർ, ദേവികുളം, മാങ്കുളം,ചിന്നക്കനാൽ, ബൈസൻവാലി,രാജകുമാരി, നെടുങ്കണ്ടം,ഉടുമ്പൻചോല,അറക്കുളം, വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാർ, വണ്ടൻമേട്,ചക്കുപള്ളം, വണ്ടിപ്പെരിയയാർ, പാമ്പാടുംപാറ, ഉപ്പുതറ ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.