ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം

post

മൂല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനും മുന്‍ഗണന

നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആകെ 490 പദ്ധതികളില്‍ 286 എണ്ണം പുതിയ പദ്ധതികളാണ്. ജില്ലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലെ അപര്യാപ്തത പരിഹരിക്കാനും ഭിന്നശേഷി സൗഹൃദ ജില്ലയാക്കാനും ഉള്‍പ്പെടെ ബൃഹത് പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്.

ചക്കയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പത്ത് ലക്ഷം രൂപ ചെലവില്‍ ചക്ക കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കും. ഒപ്പം പത്ത് ലക്ഷം രൂപ ചെലവില്‍ നേന്ത്രക്കായ മൂല്യവര്‍ദ്ധിത ഉത്പാദന സംസ്‌കരണ വിപണന കേന്ദ്രം സ്ഥാപിക്കും. പഴം, പച്ചക്കറി സംസ്‌കരണത്തിന് ശീതീകരണ സംവിധാനം ഒരുക്കും. ഭിന്നശേഷി സൗഹൃദ സമീപനത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ ജില്ലയാക്കാന്‍ വിശദ വിവര റിപ്പോര്‍ട്ട് തയ്യാറാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വനിതകളായ രക്ഷിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. കാഴ്ച വൈകല്യം ഉള്ളവര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കും.

ആരോഗ്യമേഖലയില്‍ ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ലാബ് സജ്ജീകരിക്കും. ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങും. വനിതാ ഫിറ്റ്നെസ് സെന്റര്‍ യോഗ പരിശീലന കേന്ദ്രം ആരംഭിക്കും. ജില്ലാ പഞ്ചായത്ത് എട്ട് നൂതന പദ്ധതികള്‍ നടപ്പ് വര്‍ഷം നടപ്പിലാക്കും. അന്തര്‍ ദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കും. സേനകളില്‍ ജോലി തേടുന്ന പട്ടിക ജാതിക്കാര്‍ക്ക് കായിക പരിശീലനം നല്‍കും. പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്കല്ല്, പാള പ്ലേറ്റ് നിര്‍മാണത്തിന് ധനസഹായം നല്‍കും. പട്ടികജാതി വിഭാഗത്തിന് വിദഗ്ധ ചികിത്സാ സഹായത്തിന് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും.


മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കും. കുളം, പള്ളം നവീകരണത്തിനായി സരോവരം പദ്ധതിക്ക് മുന്‍ഗണന നല്‍കും. കയ്യൂര്‍ ചീമേനി, കിനാനൂര്‍-കരിന്തളം, പിലിക്കോട്, കോടോം ബേളൂര്‍ പഞ്ചായത്തുകളില്‍ ഗ്രാമീണ ചന്തകള്‍ സ്ഥാപിക്കുന്നതിന് വിശദ വിവര റിപ്പോര്‍ട്ട് തയ്യാറാക്കും. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്.

കായിക മേഖലയില്‍ പട്ടികവര്‍ഗ വിഭാഗക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദ്രോണ ഫിനിഷിംഗ് സ്‌കൂള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്കും ട്രാന്‍സ്ജെന്‍ഡര്‍ തൊഴില്‍ പരിശീലനത്തിനും, ഭിന്നശേഷി, വനിതാ വിഭാഗത്തിന്റെ വികസനത്തിനും, ക്രാഫ്റ്റ് വില്ലേജ് രൂപീകരിക്കുന്നതിനും പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും.