കൂണില്‍ നിന്ന് ഇനി കോഫിയും

കൃഷിവിജ്ഞാന കേന്ദ്രം പിന്തുണച്ചു
സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രവും തലവൂര്‍ കൃഷിഭവനും പകര്‍ന്ന അറിവുകള്‍ വഴിതുറന്നത് പുതുമയുള്ള ഉത്പന്നത്തിലേക്ക്. കൂണില്‍ നിന്നും കാപ്പിയെന്ന അപൂര്‍വതയ്ക്കാണ് ഇവിടെ തുടക്കമായത്. മില്‍ക്കി, ഓയിസ്റ്റര്‍, ലയണ്‍സ് മാനേ, ചാഗ, ടര്‍ക്കി കൂണ്‍, അറബിക്ക കോഫി എന്നിവ ഒന്നു ചേരുന്ന കാപ്പിപ്പൊടിയാണ് സംരംഭകനായ തലവൂര്‍ സ്വദേശി ലാലു തോമസ് നിര്‍മിച്ചിട്ടുള്ളത്. ചെറുകിട വ്യവസായ സംരംഭം എന്ന നിലയ്ക്കാണ് നിര്‍മാണം.
നാരടങ്ങിയ ഭക്ഷണം ആരോഗ്യകരമായതിനാലാണ് കൂണ്‍വിഭവങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന് കൃഷിവിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധര്‍ സാക്ഷ്യം. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ധാതുലവണങ്ങളും ധാരാളം നാരിന്റെ അംശവും കൂണില്‍ അടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടുതല്‍ കര്‍ഷകരെ കൂണ്‍കൃഷിയിലേക്ക് ആകര്‍ഷിച്ച് സ്വയംപര്യാപ്തത ഉറപ്പാക്കാനാണ് കൃഷി വിജ്ഞാനകേന്ദ്രം ലക്ഷ്യമിടുന്നതെന്ന് മേധാവി ഡോ. ബിനി സാം പറഞ്ഞു.
മില്‍ക്കി, ഓയിസ്റ്റര്‍ എന്നീ കൂണുകള്‍ കൃഷിഭവന്റെ പരിധിയില്‍ ക്ലസ്റ്ററുകള്‍ തിരിച്ചാണ് കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്നത്. അറബിക്ക കോഫീ വയനാട്ടില്‍ നിന്നാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുമാണ് ലയണ്‍സ് മാനേ, ചാഗ, ടര്‍ക്കി എന്നീ കൂണുകള്‍. ഇവയെല്ലാം ചേര്‍ത്താണ് കാപ്പിയുടെ ഉദ്പാദനം.
കൂണ്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകമാണ് 'ലാബേ മഷ്‌റൂം കോഫി'. കൂണിന്റെ മൂല്യവര്‍ധിത ഉത്പന്നമെന്ന നിലയ്ക്കും സ്റ്റാര്‍ട്ട്അപ്പ് വിജയം എന്ന നിലയ്ക്കും പുതു കാപ്പിരുചി സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സംരംഭകനായ ലാലു തോമസ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഉത്പന്നത്തിന് തുടക്കമാകുന്നതെന്നും അവകാശപ്പെട്ടു.
കൊല്ലം സി.ഇ.പി.സി.ഐ (കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍), കോന്നി സി.എഫ്.ആര്‍.ഡി (കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവവലപ്മെന്റ്) ലബോറട്ടറികളില്‍ നിന്നും, കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്നുമാണ് കൂണ്‍കാപ്പിയുടെ ശാസ്ത്രീയമായ പോഷകമൂല്യം, സൂക്ഷിപ്പ് കാലാവധി, മൂല്യനിര്‍ണയ വിവരം എന്നിവ വിലയിരുത്തിയത്.