ആരോഗ്യ രംഗത്ത് സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിൻ

post


പൊതുജന ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ആരോഗ്യ രംഗത്ത് സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും കട്ടപ്പന നഗരസഭയുടെയും ഉപ്പുതുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേത്യത്വത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ നടത്തിയ കട്ടപ്പന റവന്യു ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനത്ത് വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ നോക്കി കാണുന്നത്.


ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. മഹാമാരി ഘട്ടത്തിൽ ഏറ്റവും മികച്ച ചികിത്സ ഒരുക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മഹാമാരിയെയും പ്രകൃതി ദുരന്തത്തെയും അതിജീവിക്കാൻ ആരോഗ്യ മേഖല സുസജ്ജമായിരുന്നതുകൊണ്ട് സാധിച്ചു. ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ വർധിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർധിച്ചു. പാലിയേറ്റിവ് സംവിധാനം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. ആരോഗ്യ മേഖല വളർച്ചയുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.


പൊതു വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റാമാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ എയിഡഡ് സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിലിനെ അദ്ദേഹം അഭിനന്ദിച്ചു. 30 ന് മുന്നണി ധാരണ പ്രകാരം അദ്ദേഹം രാജി സമർപ്പിക്കും. അഭിമാനിക്കാൻ കഴിയുന്ന ഒരു മാറ്റം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞു എന്ന സംതൃപ്തിയോടുകൂടി അദ്ദേഹത്തിന് സ്ഥാനം ഒഴിയാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.


കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ രംഗത്ത് സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും സേവനങ്ങളും പൊതുജനങ്ങളെ പരിചയപെടുത്തുകയാണ് മേളയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖല കൂടുതൽ വികസന പാതയിൽ എത്തിയെന്നും പ്രാഥമിക ആരോഗ്യ മേഖല ഉൾപ്പെടെ മികച്ച രീതിയിലാണ് പ്രവർത്തിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.


കട്ടപ്പന ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നിന്നും വൻ ജനാവലിയുടെ പങ്കാളിത്തത്തോടെ വിളംബര റാലിയോടെ മേളയ്ക്ക് തുടക്കമായി. 33 കേരള ബറ്റാലിയന്‍ കമാന്റിങ് ഓഫീസര്‍ കേണല്‍ എച്ച്. ഷുക്കൂര്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. പൊതുജനാരോഗ്യമേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായ പൊതുജന സമ്പര്‍ക്ക പരിപാടിയാണ് ആരോഗ്യ മേള. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ചാണ് ബ്ലോക്ക് തല ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്.


കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, കട്ടപ്പന നഗരസഭ, ഇരട്ടയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം, ഉപ്പുതറ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളുടെയും ആരോഗ്യവകുപ്പ്, ഐ സി ഡി എസ് കുടുംബശ്രീ, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എക്‌സൈസ് വകുപ്പ്, ശുചിത്വമിഷന്‍, ഭക്ഷ്യ സുരക്ഷ, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കൂള്‍, കോളേജ്, സെന്റ് ജോണ്‍സ് ആശുപത്രി, ജല അതോറിറ്റി, ഇതര വകുപ്പുകള്‍ പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിച്ചത്.


വജ്ര ജൂബിലി കലാപരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിച്ചു. മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ വിഷയത്തില്‍ ഐ സി ഡി എസ് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ സിനിമോള്‍ മാത്യു, ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തില്‍ എക്‌സൈസ് വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന്‍ എം.സി എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.