എന്റെ തൊഴില്‍, എന്റെ അഭിമാനം ജില്ലാ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി

post

20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, കില എന്നിവയും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍, എന്റെ അഭിമാനം ക്യാമ്പയിന്റെ രണ്ടാംഘട്ടം ജില്ലയില്‍ ആരംഭിച്ചു. ആദ്യഘട്ടമായി 3,474 എന്യൂമേറെറ്റര്‍മാരെ ഉപയോഗിച്ച് മെയ് 8 മുതല്‍ 15 വരെ നടത്തിയ സര്‍വെയിലൂടെ തൊഴില്‍രഹിതരായ 53 ലക്ഷം തൊഴില്‍ അന്വേഷകരെ കണ്ടെത്തുകയും ഇവരുടെ പ്രാഥമികവിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തി. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമായി തൊഴില്‍ അന്വേഷകരില്‍ 21 നും 40 നും ഇടയില്‍ പ്രായമുള്ള ഐടിഐ, ഡിഗ്രീ, ഡിപ്ലോമ തുടങ്ങിയ അടിസ്ഥാന യോഗ്യതയുള്ളവരെ ഡിഡബ്യൂഎംഎസ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ചേര്‍ക്കും. വിദ്യാഭ്യാസയോഗ്യതയ്ക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴില്‍ദാതാക്കളെ കണ്ടെത്തുക എന്നതിനൊപ്പം മികച്ച ജോലി ലഭിക്കുന്നതിന് ആവശ്യമായ പരിശീലനവും തൊഴിലന്വേഷകര്‍ക്ക് ഈഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ഇതിന്റെ ഭാഗമായി ജൂലൈ 31 വരെ തൊഴിലന്വേഷകര്‍ക്കായി പഞ്ചായത്ത്/ മുനിസിപ്പല്‍ പരിധിയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍വച്ച് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. വാര്‍ഡ് തല എന്യൂമറേട്ടര്‍മാരുടെ സഹായത്തോടെ തൊഴിലന്വേഷകര്‍ക്ക് അവരുടെ മൊബൈലില്‍ കണക്ട് ഡിഡബ്യൂഎംഎസ് എന്ന ആപ്പ്ഡൗണ്‍ലോഡ് ചെയ്ത രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം.

പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്മ്യുണിറ്റി അംബാസിഡര്‍മാര്‍ക്കും മാസ്റ്റര്‍ റിസോഴ്‌സ് പേഴ്സണ്‍മാര്‍ക്കുമായി ചെറുതോണി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിശീലനം കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. കെകെഇഎം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഇ. മധുസൂദനന്‍ ക്യാമ്പയിന്റെ ഉദ്ദേശലക്ഷ്യങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. തുടര്‍ന്ന് കെകെഇഎം പ്രോഗ്രാം മാനേജര്‍മാരായ റിഷു എബ്രഹാം, സുമാദേവി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ അസ്ഹര്‍ ബിന്‍ ഇസ്മായില്‍ സ്വാഗതവും കുടുംബശ്രീ ബ്ലോക്ക്കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് എം.സി കൃതജ്ഞതയും പറഞ്ഞു.