ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി രജിസ്ട്രേഷന്‍; ജില്ലയില്‍ 60 ശതമാനം കടന്നു

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിനായുള്ള രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. രജിസ്ട്രേഷന്‍ 60 ശതമാനം കടന്ന് കാസര്‍കോട് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്.
രജിസ്ട്രേഷനോട് അനുബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ 2015ലെ ഭിന്നശേഷി സെന്‍സസ് പ്രകാരം ശേഖരിക്കുന്ന ഗൂഗിള്‍ ഫോം 94 ശതമാനം പൂര്‍ത്തിയാക്കി വോര്‍ക്കാടി പഞ്ചായത്ത്. പഞ്ചായത്തിലുള്ള 521 ഭിന്നശേഷിക്കാരില്‍ 490 പേരും യു.ഡി.ഐ.ഡി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. വെസ്റ്റ് എളേരി പഞ്ചായത്തില്‍ 673 ഭിന്നശേഷിക്കാരില്‍ 607 പേരും രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ 12 പഞ്ചായത്തുകളില്‍ യു.ഡി.ഐ.ഡി വിവര ശേഖരണ ഗൂഗിള്‍ ഫോം അന്‍പത് ശതമാനം കടന്നു.