കാഞ്ഞങ്ങാട് ആരോഗ്യ ബ്ലോക്ക് മേള സംഘടിപ്പിച്ചു

post


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ ആയുര്‍വ്വേദ ഹോമിയോ വകുപ്പുകള്‍, വനിതാ ശിശുവികസനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ മേള മഹാകവി പി. സ്മാരക ജി.വി.എച്ച്. എസ്.എസ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ ടി മനോജ് പദ്ധതി വിശദീകരണം ചെയ്തു. മേളയുടെ ഭാഗമായി ആയുര്‍വ്വേദ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, നേത്രപരിശോധന ക്യാമ്പ്, എച്ച്.ഐ.വി ടെസ്റ്റ്, ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് എന്നിവയ്ക്കു പുറമെ വിവിധ വകുപ്പുകളുടെ ബോധവത്ക്കരണ സ്റ്റാളുകളും സംഘടിപ്പിച്ചു.

മൂലകണ്ടത്തില്‍ നിന്നും ജി വി എച് എസ് വെള്ളിക്കോത്ത് വരെ ബ്ലോക്കിനു കീഴിലുള്ള മുഴുവന്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഐ സി ഡി എസ് പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവത്കരണ റാലി, ബോധവത്കരണ സെമിനാറുകള്‍, തിരുവാതിര, ഒപ്പന, സ്‌കിറ്റ് ,ഫോക്ഡാന്‍സ്, നാടന്‍പാട്ട്, കോമഡിഷോ, ഷട്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റ്, ആരോഗ്യ ബോധവത്കരണ ക്വിസ്, ആരോഗ്യ പ്രവര്‍ത്തകരുടെ കലാ പരിപാടികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പ്രശസ്ത സിനിമാ സീരിയല്‍ താരം വി.പി. രാമചന്ദ്രന്‍ അമ്പലപ്പുഴ,

ഫ്‌ളവേഴ്‌സ് കോമഡി താരം പ്രജിത്ത് കുഞ്ഞി മംഗലം എന്നിവരും പരിപാടിയുടെ ഭാഗമായി. വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളിലായി ഹെല്‍ത്ത് മേള സംഘടിപ്പിക്കുന്നത്.