ഭിന്നശേഷിക്കാര്‍ക്കുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് കാഞ്ഞങ്ങാട് ബ്ലോക്ക് അദാലത്ത് ജൂലൈ 17ന്

ഭിന്നശേഷിക്കാര്‍ക്കുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡി) ആയി ബന്ധപ്പെട്ട പരാതികള്‍, പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ബ്ലോക്ക് തല അദാലത്തുകള്‍ നടത്തുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഉദുമ, പള്ളിക്കര, പുല്ലൂര്‍ പെരിയ, അജാനൂര്‍, മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും ഭിന്നശേഷിക്കാര്‍ക്കായി വെള്ളിക്കോത്ത് എം. പി. എസ് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂലൈ 17ന് ഞായറാഴ്ച്ച ആരോഗ്യ വകുപ്പിന്റെ ബ്ലോക്ക് തല ആരോഗ്യ മേളയോടൊപ്പം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ അദാലത്ത് നടക്കും.
അപേക്ഷിച്ച് വര്‍ഷങ്ങള്‍ ആയിട്ടും കാര്‍ഡ് കിട്ടാത്തവ, കാലാവധി കഴിഞ്ഞ കാര്‍ഡ് പുതുക്കല്‍, പേരിലും ഭിന്നശേഷി ശതമാനത്തിലുമുള്ള വ്യത്യാസം, അപേക്ഷ നിരസിക്കല്‍, നോട്ട് വെരിഫൈഡ് സ്റ്റാറ്റസ്, അഡ്രസ്സ് മാറ്റം, ജനനത്തീയ്യതി മാറ്റം എന്നിവയും യുഡിഐഡിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും അദാലത്തില്‍ പരിഗണിക്കും. ആധാര്‍ കാര്‍ഡ്, ഫോട്ടോ, വിരലടയാളം / ഒപ്പ്, അസ്സല്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, നിലവിലെ യുഡിഐഡി കാര്‍ഡ് എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. 2022 മെയ് മാസത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ട. ഭിന്നശേഷി ഉള്ള ആളുകള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം രേഖകള്‍ സഹിതം മറ്റൊരാള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.