കടല്‍ക്ഷോഭം; പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

post


ആലപ്പുഴ: കടല്‍ ക്ഷോഭം ബാധിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക്, പുന്നപ്ര, പറവൂർ വില്ലേജുകളില്‍ ദുരിതാശ്വാസ- പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ എച്ച്. സലാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.


കടൽക്ഷോഭത്തിൽ മേഖലയിലെ രണ്ടു വീടുകൾക്ക് പൂർണ്ണ നാശവും മൂന്നു വീടുകൾക്ക് ഭാഗിക നാശവും സംഭവിച്ചിട്ടുണ്ട്. ഈ വിടുകളിലുണ്ടായിരുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പുറക്കാട് വില്ലേജിലെ മൂന്നു വീടുകളിലെയും അമ്പലപ്പുഴ വടക്ക് വില്ലേജിലെ ഒരു വീട്ടിലെയും ആളുകളെ മാറ്റി പാര്‍പ്പിച്ചു.


മേജര്‍ ഇറിഗേഷന്‍ വകുപ്പും കേരള ഇറിഗേഷന്‍ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്‍റ് കോർപ്പറേഷനും (കെ.ഐ.ഐ.ഡി.സി) അടിയന്തര തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പുറക്കാട് ആനന്ദേശ്വരം മുതൽ പുന്തല വരെയുള്ള മേഖലയില്‍ ഏകദേശം 500 മീറ്ററോളം സ്ഥലത്ത് കടൽ ഭിത്തിക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടതുണ്ടെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.