സ്വയംസംരംഭക രംഗത്ത് മാതൃകയായി കുടുംബശ്രീ വനിത

post

സ്വയംസംരംഭക മാതൃകകളിലെ പുതുമയായി സീമ എന്ന കുടുംബശ്രീ വനിത. ചിതറ ഗ്രാമപഞ്ചായത്തിലെ കാരറ വാര്‍ഡില്‍ സ്വന്തമായി ഒരു ഹാച്ചറി നടത്തുകയാണ് സീമ. ഒറ്റത്തവണ 15,000 കോഴിക്കുഞ്ഞുങ്ങളെ വരെ വിരിയിക്കാവുന്ന ഹാച്ചറിയാണ് ഇത്. സാസോ, റെയിന്‍ബോ, ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് വിരിയിച്ചു വിപണനം നടത്തുന്നത്. 18 മുതല്‍ 21 ദിവസം വരെ മുട്ടകള്‍ ഇന്‍ക്യുബേറ്ററില്‍ നിശ്ചിത താപനിലയില്‍ വച്ചാണ് വിരിയിക്കുന്നത്. ഓട്ടോമാറ്റിക് റൊട്ടേഷന്‍ വഴി മുഴുവന്‍ മുട്ടകള്‍ക്കും മതിയായ ചൂട് ലഭിക്കും. വിരിഞ്ഞിറങ്ങി ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് മുതല്‍ ആവശ്യക്കാരുണ്ട്. ഹാച്ചറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ഒരു ലക്ഷം രൂപ റിവോള്‍വിങ് ഫണ്ട് വിനിയോഗിച്ചു.

മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലോക്ക്തലത്തില്‍ നടത്തിയ സംരംഭകത്വ വികസന പരിപാടിയിലൂടെ പരിശീലനവും നേടിയിട്ടുണ്ട്. വ്യക്തിഗത സംരംഭങ്ങളില്‍ ഹാച്ചറി ശ്രദ്ധേയമായതോടെ കുടുംബശ്രീ ജില്ലാ മിഷന്‍ സീമയ്ക്ക് പുരസ്‌കാരം നല്‍കി.

മെച്ചപ്പെട്ട വരുമാനമാര്‍ഗത്തിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നത് ലക്ഷ്യത്തോടടുക്കുകയാണെന്ന് ചിതറ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആശാമോള്‍ പറഞ്ഞു.