കൊതിയൂറും വിഭവങ്ങളുമായി അജാനൂരില്‍ ചക്ക മഹോത്സവം

കാസര്‍കോട്: കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു. അജാനൂര്‍ സിഡിഎസ് ഹാളില്‍ നടന്ന ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം ചെയ്തു. 150 -ഓളം ചക്കവിഭവങ്ങളാണ് മഹോത്സവത്തിനായി ഒരുക്കിയത്. ഇതില്‍ 133 വിഭവങ്ങള്‍ ചക്ക മാത്രം ഉപയോഗിച്ചു തയ്യാറാക്കിയതായിരുന്നു. ഫെസ്റ്റില്‍ ചക്കക്കറി, ചക്ക ഉണ്ണിയപ്പം, ചക്കപുട്ട്, ചക്കക്കുരു, കട്ലറ്റ്, ചക്കചില്ലി, ചക്കക്കുരു ഷേക്ക്, വിവിധതരം ചക്കപായസങ്ങള്‍, ചക്കയപ്പം, ചക്കഹല്‍വ, ചക്കകേക്ക് തുടങ്ങി വിവിധ വിഭവങ്ങള്‍ സ്ഥാനംപിടിച്ചു.
ചക്കയെ ജനകീയമാക്കുക, ചക്കയുടെ പോഷക - ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക, ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചത്. വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കുന്ന വാര്‍ഡുകള്‍ക്ക് സമ്മാനങ്ങളും നല്‍കി. ഓരോ വാര്‍ഡിലെയും സിഡിഎസ് യൂണിറ്റുകള്‍ സംയുക്തമായാണ് മത്സരത്തില്‍ പങ്കെടുത്തത്. രുചിയും ഗുണമേന്മയും കണക്കിലെടുത്ത് 37 വിഭവങ്ങള്‍ ഒരുക്കിയ ഒന്നാം വാര്‍ഡായ രാവണീശ്വരമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്നാം വാര്‍ഡ് വേലാശ്വരം, പതിനാലാം വാര്‍ഡ് അതിഞ്ഞാല് രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹമായി. ജില്ലാമിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരും പഞ്ചായത്തിന്റെ വ്യവസായ ഇന്റേണുകളും ചേര്‍ന്നാണ് മത്സരത്തില്‍ വിജയിച്ച വാര്‍ഡുകളെ തെരഞ്ഞെടുത്തത്.