എഴുമറ്റൂരില്‍ എല്ലാവര്‍ക്കും 2024 മാര്‍ച്ചോടെ കുടിവെള്ളം ലഭ്യമാകും
ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി എഴുമറ്റൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും 2024 മാര്‍ച്ചോടെ കുടിവെള്ളം ലഭ്യമാക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. എഴുമറ്റൂര്‍ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെയും യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
42.02 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി എഴുമറ്റൂര്‍ പഞ്ചായത്തില്‍ 5394 പുതിയ കണക്ഷനുകള്‍ നല്‍കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 850 കുടിവെള്ള കണക്ഷനുകള്‍ നേരത്തെ നല്‍കിയിരുന്നു. നിലവില്‍ പടുതോട് കിണറില്‍ നിന്നും ശേഖരിക്കുന്ന വെള്ളം പുറമല ടാങ്കില്‍ എത്തിച്ചശേഷം കാരമല, പാട്ടമ്പലം മേഖലകളിലെ ടാങ്കുകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. കോയിപ്രം-പുറമറ്റം കുടിവെള്ള പദ്ധതിയിലൂടെ തോട്ടപ്പുഴശേരി, ഇരവിപേരൂര്‍, എഴുമറ്റൂര്‍, പുറമറ്റം, കാരമല, കുന്നന്താനം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നു. പദ്ധതി പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോയിപ്രം വില്ലേജില്‍ സ്ഥലം കണ്ടെത്തി. ഇതുവഴിയാണ് ബാക്കി കണക്ഷനുകള്‍ നല്‍കുക. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു അധ്യക്ഷയായ യോഗത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ കെ.യു. മിനി, എസ്.ജി. കാര്‍ത്തിക, പി.കെ. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.