പിന്നാക്ക മേഖലയിലെ വിദ്യാര്‍ത്ഥികളെ മുഖ്യധാരയില്‍ എത്തിക്കുക സര്‍ക്കാര്‍ നയം; മന്ത്രി കെ. രാധാകൃഷ്ണന്‍

post

പിന്നാക്ക - ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും ഇതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുകയാണെന്നും പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്കവിഭാഗക്ഷേമ- ദേവസ്വം - പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ആരംഭിച്ച ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈമാനിക പരിശീലനം നല്‍കുന്നതിന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്ന് കുട്ടികളില്ലാത്തിനാല്‍ അട്ടപ്പാടി സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. രാജീവ് ഗാന്ധി സിവില്‍ ഏവിയേഷന്‍ അക്കാദമിയിലാണ് പരിശീലനം നല്‍കുക. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് മിടുക്കരായ 50 പേരെ തിരഞ്ഞെടുത്ത് ഇന്ത്യയിലെ മികച്ച ഐ.എ.എസ്. പരിശീലന കേന്ദ്രത്തില്‍ പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ആദിവാസി മേഖലയില്‍ ഏറ്റവും ആദ്യമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി 36000 കുട്ടികളിലേക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യാഭ്യാസം എത്തിക്കാന്‍ കഴിഞ്ഞു. കണക്റ്റിവിറ്റി ഇല്ലാത്ത 1300 ഓളം ഊരുകളില്‍ 1200 ഊരുകളിലും കണക്റ്റിവിറ്റി എത്തിച്ചു.


രക്ഷിതാക്കള്‍ കുട്ടികളെ വീടിനടുത്തുള്ള സ്‌കൂളുകളില്‍ വിട്ട് വിദ്യാഭ്യാസം നല്‍കാനാണ് ഇഷ്ടപ്പെടുന്നത്. എം.ആര്‍.എസിലെ പഠന നിലവാരവും ബൗദ്ധിക സാഹചര്യങ്ങളും ഉയര്‍ത്തുന്നതിന് നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. എം.ആര്‍.എസിലെ വിദ്യാര്‍ഥികള്‍ക്ക് കുസാറ്റ്, ഐ.ഐ.ടി. തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശീലനത്തിനും അടുത്തിടപഴകുന്നതിനും സൗകര്യമൊരുക്കും. എം.ആര്‍.എസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് അധ്യാപകര്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ എം.ആര്‍.എസ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെത്തൂ എന്നും മന്ത്രി പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 1120 പ്രമോട്ടര്‍മാരുടെ പ്രഥമ ചുമതല എം.ആര്‍.എസിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുകയെന്നതാണ്.


എം.ആര്‍.എസ്. വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ഉദ്യോഗസ്ഥരെയും അധ്യാപകരും ഉള്‍പെടുത്തി വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം. പിന്നാക്ക സമൂഹങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ഉയരാനുള്ള ഏകമാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്നും മന്ത്രി പറഞ്ഞു.


അട്ടപ്പാടിയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഗളി കില ക്യാമ്പസിലാണ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ താത്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ആറാം ക്ലാസിലേക്ക് 30 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം. സ്ഥിരം കെട്ടിടത്തിനായി സ്‌കൂളിന് 15 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ക്ലാസ് മുറികളിലെത്തി വിദ്യാര്‍ത്ഥികളെയും സൗകര്യങ്ങളും മന്ത്രി കെ. രാധാകൃഷ്ണന്‍ വിലയിരുത്തി. കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടവും മന്ത്രി സന്ദര്‍ശിച്ചു.


അട്ടപ്പാടി കില ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി. അധ്യക്ഷനായി. മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍ ഷംസുദീന്‍ മുഖ്യാഥിതിയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ അംബിക ലക്ഷ്മണന്‍, ജ്യോതി അനില്‍ കുമാര്‍, പി. രാമമൂര്‍ത്തി, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളായ കാളിയമ്മ മുരുകന്‍, മിനി സുരേഷ്, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ധര്‍മ്മലശ്രീ, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍, പട്ടികവര്‍ഗ്ഗ വികസനവകുപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.