സ്‌കൂളുകളില്‍ 20ന് വായനദിന പ്രതിജ്ഞ

post

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജൂണ്‍ 20ന് രാവിലെ 10ന് വിദ്യാര്‍ഥികള്‍ വായനദിന പ്രതിജ്ഞയെടുക്കും. പ്രത്യേക അസംബ്ലി ചേര്‍ന്ന് വായനദിനത്തിന്റെ പ്രധാന്യം വിവരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. പക്ഷാചരണത്തോടനുബന്ധിച്ച് വായന ക്ലബ് രൂപീകരണം, സാഹിത്യകാരന്മാരുമായി സംവാദം, വായന ചര്‍ച്ച, വായനമൂല, പുസ്തകപേരു കളി, ചങ്ങല വായന, കാവ്യകേളി, കഥ, കവിത തര്‍ജ്ജമചെയ്യല്‍, ആസ്വാദനകുറിപ്പ് തയാറാക്കല്‍ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി

'വായനമരം' തത്സമയ ക്വിസ് പരിപാടി, സാക്ഷരത മിഷനുമായി ചേര്‍ന്ന് തുല്യത പഠിതാക്കള്‍ക്കായി ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. മത്സരവിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഫലകം, പുസ്തകങ്ങള്‍ എന്നിവ സമ്മാനമായി നല്‍കും.


ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 356 ലൈബ്രറികളിലായി ജൂലൈ ഏഴു വരെ എല്ലാ ദിവസവും പരിപാടികള്‍ സംഘടിപ്പിക്കും. സാഹിത്യകാരന്മാരുടെ ദിനാനുസ്മരണം, പുസ്തക പ്രദര്‍ശനം, വായനക്കൂട്ടം രൂപീകരണം, വായനാനുഭവ കുറിപ്പ് തയാറാക്കല്‍, ബാലവേദി കുട്ടികള്‍ക്കായി ഷോര്‍ട് ഫിലിം നിര്‍മാണ പരിപാടി, സ്‌കൂളുകളില്‍ എഴുത്തുപെട്ടി എന്നീ പരിപാടികള്‍ നടക്കും.


പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, വാക്ക്, പ്രബന്ധ രചന, കവിത ചൊല്ലല്‍ മത്സരങ്ങളും എല്‍.കെ.ജി./യു.കെ.ജി, എല്‍.പി. കുട്ടികള്‍ക്കായി ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കും.


സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ 19ന് വായനദിന പ്രതിജ്ഞയെടുക്കും. തുല്യതാ പഠിതാക്കള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും. നെഹ്റുയുവകേന്ദ്ര ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തും. പക്ഷാചരണത്തോടനുബന്ധിച്ച് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രത്യേക പുസ്തകോല്‍സവങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇക്കാലയളവില്‍ പ്രത്യേക വിലക്കിഴിവ് നല്‍കും.