അട്ടപ്പാടിയിലെ മുരുഗള, കിണറ്റുകര ഊരുകളിലേക്ക് പാലം ഒരുങ്ങുന്നു

post

കുറുമ്പ വിഭാഗക്കാര്‍ താമസിക്കുന്ന അട്ടപ്പാടിയിലെ മുരുഗള, കിണറ്റുകര ഊരുകളിലേക്ക് ഭാവാനി പുഴക്ക് കുറുകെ പാലം ഒരുങ്ങുന്നു. മഴക്കാലത്തുള്‍പ്പടെ ഉള്‍വനത്തിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് പുഴ കടന്ന് വേണം പ്രദേശവാസികള്‍ക്ക് റേഷനും മറ്റ് ആവശ്യങ്ങള്‍ക്കും റോഡിലേക്കെത്താന്‍. ഇതിനാശ്വാസമായാണ് പാലം നിര്‍മിക്കുന്നത്. രണ്ട് ഊരുകളിലായി 200 ഓളം പേരാണ് പ്രദേശത്ത് താമസിക്കുന്നത്.

ഐ.ടി.ഡി.പി.യുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 30 ലക്ഷം ചിലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. 100 മീറ്റര്‍ നീളം വരുന്ന രണ്ട് പാലങ്ങളും അയേണ്‍ റോപ്പും അലുമിനിയം ഷീറ്റും ഉപയോഗിച്ച് കോണ്‍ക്രീറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ 90 ശതമാനം പണികളും പൂര്‍ത്തിയായി. എത്രയും വേഗം പൂര്‍ത്തീകരിച്ച് മഴക്കു മുന്‍പ് യാത്രാസൗകര്യം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല.

പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ നിരവധി കുടുംബങ്ങള്‍ക്കാണ് യാത്രാ സൗകര്യം ഒരുങ്ങുന്നത്. പാലം പണി പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് പുഴ കവിഞ്ഞ് ഒഴുകുന്നത് യാത്രയെ ബാധിക്കില്ല. അതോടൊപ്പം വന്യമൃഗങ്ങളെ ഭയക്കാതെ പ്രദേശവാസികള്‍ക്ക് സഞ്ചരിക്കാനും കഴിയും