പരിസ്ഥിതി ബോധത്തിന്റെ വേറിട്ട അവതരണം; ശ്രദ്ദേയമായി 'കാടകം'

post

ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് അരങ്ങേറിയ 'കാടകം' പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ വേറിട്ട സന്ദേശമായി മാറി. നാടന്‍പാട്ടുകളും നാടന്‍ കലാരൂപങ്ങളുടെ നേര്‍ക്കാഴ്ചയുമായിട്ടാണ് കാടകം ജനങ്ങളിലേക്കിറങ്ങിയത്. കോര്‍ത്തിണക്കിയ നാടന്‍പാട്ടുകളുടെ ഇടവേളകളില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനമായി വൃക്ഷത്തൈകള്‍ നല്‍കിയായിരുന്നു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പകര്‍ന്നു നല്‍കിയത്. കല്‍പ്പറ്റ എമിലി 'ഉണര്‍വ്' നാടന്‍ കലാപഠനകേന്ദ്രത്തിന്റെ ഇരുപതോളം കലാകാരന്മാരാണ് പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ കൈമാറിയത്. കാസര്‍കോട് ജില്ലയുടെ തനതു കലയായ മംഗലംകളി, കരിങ്കാളിയാട്ടം, മുടിയാട്ടം, പരുന്താട്ടം തുടങ്ങിയ പ്രാദേശിക കലാരൂപങ്ങളുടെ പ്രദര്‍ശനവും പരിപാടിക്ക് മിഴിവേകി. നാഷണല്‍ പ്രോഗ്രാം ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ആന്റ് ഹ്യൂമണ്‍ ഹെല്‍ത്തിന്റെ പ്രചാരണാര്‍ത്ഥമായാണ് 'കാടകം' പരിപാടി സംഘടിപ്പിച്ചത്. 'കാടകം' പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. പ്രിയാ സേനന്‍, ഡോ. പി. ദിനീഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ ചന്ദ്രശേഖരന്‍, കെ.എം ഷാജി, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫിസര്‍മാരായ സജേഷ് ഏലിയാസ്, കെ.എസ്. നിജില്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് എം.വി. സതീഷ്, പരിഷത്ത് പ്രതിനിധി ഹൃദ്യ തുടങ്ങിയവര്‍ സംസാരിച്ചു. 'കാടകം' പരിപാടിയോടനുബന്ധിച്ച് 'മിയാവാക്കി' വനവല്‍ക്കരണം, വൃക്ഷത്തൈ നടീല്‍, ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള പരിസ്ഥിതി സംരക്ഷണ സന്ദേശ ബോധവല്‍ക്കരണ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.