സ്ത്രീ സുരക്ഷ ഊട്ടിയുറപ്പിക്കാന്‍ ജില്ല വണ്‍ സ്റ്റോപ്പ് സെന്റര്‍ ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യും

കാസറഗോഡ് : ശാരീരികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായവും പിന്തുണയും നല്‍കാനുള്ള പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പുതിയ കെട്ടിടം ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് അണങ്കൂരില്‍ ഇരുനിലക്കെട്ടിടത്തിന്റെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാ സംരക്ഷണ ഓഫീസിന്റെ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും അവലോകനം ചെയ്തു. ഒരേ സമയം അഞ്ച് പേര്‍ക്ക് താമസിക്കാവുന്ന സൗകര്യം പുതിയ വണ്‍ സ്റ്റോപ്പ് സെന്ററിലുണ്ടാവും. നിലവില്‍ താല്കാലിക കെട്ടിടത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സെന്ററിലേക്ക് മള്‍ട്ടിപ്പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഒഴിവ് നികത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കും. കെട്ടിടത്തിലേക്കാവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
വനിതാ ശിശു വികസന വകുപ്പ് ജി്ല്ലാ വനിതാ ശിശു സംരക്ഷണ ഓഫീസ് നടപ്പാക്കുന്ന വിവാഹ പൂര്‍വ കൗണ്‍സിലിംഗ് പദ്ധതിയായ ചേര്‍ച്ചയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ നടപ്പ് വര്‍ഷം മൂന്ന് മാസത്തിലൊരിക്കല്‍ ജില്ലയില്‍ ചേര്‍ച്ച കൗണ്‍സിലിംഗ് പരിപാടി സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തിലോ സര്‍ക്കാര്‍ അംഗീകാരമുള്ളതുമായ വിവാഹ പൂര്‍വ കൗണ്‍സിലിംഗില്‍ പങ്കെടുക്കേണ്ടത് നിയമപരമാക്കുന്നതിന് ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയിലെ വിധവകളുടെ സമഗ്ര ഉന്നമനത്തിനും സംരംക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന വകുപ്പ്-വനിതാ സംരക്ഷണ ഓഫീസ് ജില്ലാതല സെല്ലിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന കൂട്ട് പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. താല്‍പര്യമുള്ളവര്‍ക്ക് കൂട്ട് വെബ്‌സൈറ്റിലോ കൂട്ട് ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം. പുരുഷന്‍മാര്‍ നേരിട്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചാലും പരിഗണിക്കും.