ജിയോ ടെക്‌സ്‌റ്റൈല്‍ ഫോര്‍ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് കനാലിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

post

തിരുവനന്തപുരം: പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണംചെയ്തു. കോഴിക്കോട് ജില്ലയില്‍ നിന്നും അവാര്‍ഡിനര്‍ഹമായ ജിയോ ടെക്‌സ്‌റ്റൈല്‍ ഫോര്‍ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് കനാലിനുള്ള പുരസ്‌കാരം മുന്‍ ജില്ലാ കളക്ടറും  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുമായ യു വി ജോസ് ഏറ്റുവാങ്ങി. കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മനോജ് എം കെ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ കെ വിശ്വന്‍ നായര്‍ എന്നിവരോടൊപ്പമാണ് യു വി ജോസ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.


   ഹൃദ്യം ദേശീയ ആരോഗ്യ മിഷന്‍, ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, ജിയോ ടെക്‌സ്‌റ്റൈല്‍ ഫോര്‍ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് കനാല്‍, റെജുവനേഷന്‍ ഓഫ് കുട്ടമ്പേരൂര്‍ റിവര്‍, കണ്‍സര്‍വേഷന്‍ ഓഫ് വാട്ടര്‍ റിസോഴ്‌സ്, സമ്പൂര്‍ണ നെല്‍കൃഷി മയ്യില്‍ ഗ്രാമപഞ്ചായത്ത് എന്നീ പദ്ധതികള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ. എം. ജി ഡയറക്ടര്‍ കെ. ജയകുമാര്‍, ജൂറി ചെയര്‍മാന്‍ ഡോ. കെ. എം. എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ്, പി. ആര്‍. ഡി ഡയറക്ടര്‍ യു. വി. ജോസ്, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ഉഷ എ. ആര്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


കാര്‍ഷിക ജലസചന ആവശ്യങ്ങള്‍ക്കായി  കോഴിക്കോട് ജില്ലയിലെ 43 ഗ്രാമപഞ്ചായത്തുകളും  3 മുനിസിപ്പാലിറ്റികളും , കോഴിക്കോട് കോര്‍പ്പറേഷനും ആശ്രയിക്കുന്ന പ്രധാന പദ്ധതിയാണ് കുറ്റ്യാടി പദ്ധതി.

 44 വര്‍ഷം മുമ്പാണ് കുറ്റ്യാടി  ജലസേചന കനാലുകള്‍ നിര്‍മ്മിച്ചത്.


കനാല്‍ ശൃംഖല 603 കിലോമീറ്റര്‍ ആണെങ്കിലും നിലവില്‍ ഫലപ്രദമായ കനാല്‍

 ജലവിതരണത്തിനുള്ള ശൃംഖല 450 കിലോമീറ്ററില്‍ കുറവാണ്. ശേഷിക്കുന്ന 150 കിലോമീറ്റര്‍ നീളം പ്രവര്‍ത്തനരഹിതമായി  റോഡുകളായി മാറ്റപ്പെട്ടു.


കാര്യമായ അറ്റകുറ്റപ്പണികള്‍ നടക്കാതെ കനാല്‍ നാശത്തിന് വക്കിലേക്ക് നീങ്ങിയപ്പോഴാണ് അന്നത്തെ ജില്ലാ കലക്ടര്‍ ആയിരുന്ന  യുവി ജോസിന്റെ  നേതൃത്വത്തില്‍ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് കനാല്‍ ബലപ്പെടുന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയത്.  പരമ്പരാഗത രീതിക്കു പകരമായി കനാല്‍ തീരങ്ങള്‍ സംരക്ഷിക്കുന്നതിനായി ജിയോ ടെക്‌സ്‌റ്റൈല്‍സ് സാങ്കേതിക വിദ്യ  ഉപയോഗിച്ചു പദ്ധതി പ്രാവര്‍ത്തികമാക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.  പ്രകൃതിസൗഹൃദ കയര്‍  ജിയോ ടെക്‌സ്‌റ്റൈല്‍സുകള്‍ ഉപയോഗിച്ചതു വഴി  കനാലിന്റെ  സ്വാഭാവിക ഒഴുക്കിനും  രൂപത്തിലും മാറ്റം വരുത്താതെ തന്നെ  കനാല്‍ പുനരുജ്ജീവിപ്പിക്കാനായി.  താരതമ്യേന ചെലവ് കുറഞ്ഞ രീതിയില്‍ പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിക്ക്  മികച്ച പൊതുജന അഭിപ്രായമാണ് നേടാനായത്. പദ്ധതിയെക്കുറിച്ച് പത്രമാധ്യമങ്ങളടക്കം ശ്രദ്ധേയമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.