ജോയിയുടെ അമ്മയ്ക്ക് പുതിയ വീട്; താക്കോൽദാനം നിർവഹിച്ചു

post

ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്ത് ശുചീകരണ പ്രവർത്തനത്തിനിടെ 2024 ജൂലൈ 13ന് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ജോയിയുടെ അമ്മയ്ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിൽ നഗരസഭ നിർമിച്ച വീടിന്റെ താക്കോൽദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. മാരായമുട്ടത്ത് പണിത പുതിയ വീടിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി എം. ബി. രാജേഷ് വീടിന്റെ താക്കോൽ ജോയിയുടെ അമ്മയ്ക്ക് കൈമാറി.

വലിയ വേദനയും ദുഖവും എല്ലാം ഉണ്ടാക്കിയ സംഭവമാണ് ജോയിയുടെ മരണമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. സർക്കാർ ആ കുടുംബം അനാഥമാകില്ല എന്ന് പ്രഖ്യാപിച്ചു. അവർക്ക് സർക്കാരിന്റെ കരുതലുണ്ടാവും എന്നും പറയുകയുണ്ടായി. തൊട്ടു പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗം 10 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൊടുക്കാനുള്ള തീരുമാനമെടുത്തു. ഞങ്ങളെല്ലാവരും കൂടി വന്നാണ് ആ ചെക്ക് ജോയിയുടെ അമ്മയ്ക്ക് കൈമാറിയത്.


മുഖ്യമന്ത്രിയോട് ഒരു വീടുണ്ടാക്കുന്ന കാര്യം കൂടി ഞങ്ങൾ ആലോചിക്കുന്നു എന്ന് പറഞ്ഞപ്പോൾ അതെന്ത് ചെയ്താലും അധികമാകില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് കോർപറേഷനോട് ഈ നിർദ്ദേശം വച്ചു. ഉടൻതന്നെ മേയർ അതേറ്റെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം ഞങ്ങൾ വാങ്ങി തരാം എന്ന് വാഗ്ദാനം ചെയ്തു. അതിവേഗത്തിൽ കാര്യങ്ങൾ എല്ലാം പൂർത്തിയായി. തറക്കല്ലിട്ട് 200 ദിവസത്തിനുള്ളിൽ താമസയോഗ്യമായ നല്ലൊരു വീട് നിർമിച്ചു കഴിഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ ഇച്ഛക്കനുസരിച്ചു ഉയർന്നു പ്രവർത്തിച്ച കോർപറേഷനെയും മേയർ ആര്യാ രാജേന്ദ്രനെയും ജില്ലാ പഞ്ചായത്തിനെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറിനെയും, നേതൃത്വപരമായ പങ്കു വഹിച്ചു ഒപ്പം നിന്ന എം.എൽ.എ. സി. കെ. ഹരീന്ദ്രൻ ഉൾപ്പെടെ എല്ലാവർക്കും സംസ്ഥാന ഗവണ്മെന്റിന് വേണ്ടി അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ഗവണ്മെന്റും കോർപറേഷനും ജില്ലാ പഞ്ചായത്തുമെല്ലാം ഒന്നിച്ചു നിന്നാൽ ഏതു കാര്യവും വേഗത്തിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ കാണുന്നത്. ജോയിയുടെ മരണം സൃഷ്ടിച്ച ശൂന്യതയോ നഷ്ടമോ ഇതുകൊണ്ട് നികത്താനാവുന്നതല്ല എന്ന് നമുക്ക് എല്ലാവർക്കുമറിയാം. പക്ഷേ അപ്പോഴും ജോയിയുടെ അമ്മ വീടില്ലാതെ അനാഥയായി പോകരുത് എന്നുള്ള സർക്കാരിന്റെ ഉറച്ച തീരുമാനം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കരുതലിൽ ജോയിയുടെ അമ്മ സുരക്ഷിതയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.


മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. എംഎൽഎമാരായ സി. കെ. ഹരീന്ദ്രൻ, എ. കെ. ആൻസലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.