കൊല്ലയിൽ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

post

സംസ്ഥാന സർക്കാരിന്റെയും തിരുവനന്തപുരം കൊല്ലയിൽ ഗ്രാമപഞ്ചായത്തിൻ്റെയും വികസന നേട്ടങ്ങൾ അവതരിപ്പിച്ച വികസന സദസ്സ് സി. കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനം ആർജിക്കുന്ന പുരോഗതി നിലനിർത്തി കൊണ്ട് പോകാൻ സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണം. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് 2016 മുതൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണ ജനങ്ങൾക്കിടയിൽ സമഗ്രമാറ്റം സാധ്യമാക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഈ കാലയളവിൽ നടപ്പിലാക്കിയത്. രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കിയ ലൈഫ് പദ്ധതിവഴി മുഴുവൻ ഗുണഭോക്താക്കൾക്കും ധന സഹായം നൽകി.

അതിദരിദ്ര കുടുംബങ്ങൾക്കായി മൈക്രോ പ്ലാൻ തയ്യാറാക്കി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി. അഗതി, ആശ്രയ, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിലൂടെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം നൽകിവരുന്നു. കൂടാതെ ക്ഷേമ പെൻഷനുകളും കൃത്യമായി ഇവരുടെ കൈകളിൽ എത്തിക്കുന്നു. അതിദാരിദ്ര്യ സർവേ വഴി കണ്ടെത്തിയ 46 കുടുംബങ്ങൾക്കും പ്രത്യേകം പദ്ധതികൾ തയ്യാറാക്കി അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു ഭവന പുനരുദ്ധാരണം, ഷെൽട്ടർ, ആരോഗ്യ പരിരക്ഷ, സഹായങ്ങൾ നൽകി അതിദാരിദ്ര്യ മുക്ത പദവി പഞ്ചായത്ത് കൈവരിച്ചു.

വനിതകളുടെ ഉന്നമനത്തിനായി സർവ്വതല സ്‌പർശിയായ പദ്ധതികളാണ് നടപ്പിലാക്കിയത്. സ്ത്രീ സാക്ഷരത, മെച്ചപ്പെട്ട ആരോഗ്യം, സ്ത്രീ സുരക്ഷ, സ്വയം തൊഴിൽ, കാർഷിക ഉന്നമനം എന്നിവ മുൻ നിർത്തിയുള്ള വിവിധങ്ങളായ പദ്ധതികൾ ഈ ഭരണ സമിതിയടെ കാലഘട്ടത്തിൽ നടപ്പിലാക്കി. കാർഷിക മേഖലയിലൂടെയുള്ള വരുമാനം ലക്ഷ്യം വച്ച്, ജൈവ പച്ചക്കറി കൃഷി വികസനം, ക്ഷീര സമൃദ്ധി, ആട് വളർത്തൽ, കോഴി വളർത്തൽ, വാഴ കൃഷി എന്നീ പദ്ധതികൾ വനിതകൾക്കായി നടപ്പിലാക്കിയിട്ടുണ്ട്. വനിതകൾക്കായി യോഗ, കരാട്ടെ പരിശീലനം എന്നിവയും നൽകി വരുന്നു.

ആരോഗ്യ രംഗത്തും മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. കുടുംബാരോഗ്യകേന്ദ്രം, ഹോമിയോ ആശുപത്രി, ആയുർവേദാശുപത്രി എന്നിവയുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തി.

കായിക മേഖലയിലും സമഗ്രമായ മാറ്റത്തിനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. മഞ്ചവിളാകം സ്റ്റേഡിയത്തിൻ്റെയും മണിവിളയിലെ ടർഫിന്റെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ മഞ്ചവിളാകം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടർഫ് നിർമ്മാണത്തിൻ്റെ പ്രവർത്തികൾ പുരോഗമിക്കുന്നു.

സംസ്ഥാനത്ത് ആദ്യമായി ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്താണ് കൊല്ലയിൽ ഗ്രാമപഞ്ചായത്ത്. ഈ പദ്ധതിയിലൂടെ കെഎസ്ആർ ടിസി സേവനം എത്തിപ്പെടാത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗതാഗത സൗകര്യം ലഭ്യമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിലും പഞ്ചായത്ത് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. നിരവധി പുതിയ റോഡുകളുടെ ടാറിങ്ങും കോൺക്രീറ്റിനും പുറമേ നിലവിലുള്ളവയുടെ റീകോൺക്രീറ്റിംഗ്, റീടാറിങ്ങും നടത്തി. സംരക്ഷണ ഭിത്തികൾ, കുളങ്ങളുടെ പാർശ്വഭിത്തി നിർമ്മാണം, ഓട നിർമ്മാണം തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളും ഈ കാലയളവിൽ നടത്തി.

കൃഷി ഉപജീവന മാർഗ്ഗമായി സ്വീകരിച്ചിട്ടുള്ളവരാണ് കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. പഞ്ചായത്തിൽ നടൂർക്കൊല്ല വാർഡിലെ കളത്തറയ്ക്കൽ പാടശേഖരത്തിൽ നെൽകൃഷി ചെയ്‌തു വരുന്നു. പഞ്ചായത്ത് ഭരണസമിതി, കാർഷിക മേഖലയ്ക്കായി നൂതനങ്ങളായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കാർഷിക കർമ്മസേനയ്ക്കായി കൊയ്ത്തു മെതിയന്ത്രങ്ങൾ പഞ്ചായത്ത് വാങ്ങി നൽകി. കൂടാതെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂൺ കൃഷി, പുഷ്‌പ കൃഷി, സൂര്യകാന്തി കൃഷി, ചെറുധാന്യ കൃഷി, ഹരിത ഭവനം, മഴമറ എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്.

മൃഗസംരക്ഷണ മേഖലയിൽ ആട് വളർത്തൽ, കന്നുകുട്ടി പരിപാലനം, കോഴി വളർത്തൽ എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ആട് വളർത്തൽ പദ്ധതിയിൽ 56 ഗുണഭോക്താക്കൾക്കും, കന്നുകുട്ടി പരിപാലനം പദ്ധതിയിൽ 22 ഗുണഭോക്താക്കൾക്കും ആനുകൂല്യം നൽകിയിട്ടുണ്ട്. ക്ഷീര വികസന മേഖലയിൽ പഞ്ചായത്ത് പരിധിക്കുള്ളിൽ 3 സംഘങ്ങൾ നിലവിലുണ്ട്.

പഞ്ചായത്തിൽ ഇനി നടപ്പിലാക്കേണ്ട പ്രധാനപ്പെട്ട വികസന ആവശ്യങ്ങളും പദ്ധതികളേയും കുറിച്ച് സദസ്സിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ് നവനീത്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി റ്റി.എ.ജോണി പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. എസ്.ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, ബ്ലോക്ക് മെമ്പർ കെ.വി പത്മകുമാർ മറ്റ് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ഹരിത കർമ്മസേനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.