ശാസ്ത്ര ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു
 
                                                രാജ്യത്തിനാവശ്യം ചോദ്യങ്ങൾ ഉന്നയിക്കുന്ന തലമുറ : സ്പീക്കർ എ എൻ ഷംസീർ
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ എസ് സി എസ് ടി ഇ) സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര ബോധവൽക്കരണ പരിപാടി തിരുവനന്തപുരം പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യം ചോദ്യങ്ങൾ ഉന്നയിക്കുന്ന തലമുറയാണന്നും അത് പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു.
വിദ്യാർത്ഥികളിൽ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ ഉണ്ടാവണം. സമൂഹത്തിലെ വിഷയങ്ങൾ ചോദിച്ച് മനസ്സിലാക്കണം. ഇന്നത്തെ സാഹചര്യത്തിൽ ശാസ്ത്ര പഠനത്തിന്റെയും, ശാസ്ത്ര ബോധത്തിന്റെയും പ്രാധാന്യം കാലത്തിന്റെ ആവശ്യമാണ്. ശാസ്ത്രബോധവും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് ഭരണഘടനയിൽ നിഷ്‌കർഷിക്കുന്നുണ്ട്. ശാസ്ത്രം പിന്തള്ളപ്പെടുമ്പോൾ രാജ്യം പിന്നോട്ട് പോകുമെന്നും സ്പീക്കർ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യ ലോകത്താകമാനം വികസിക്കുകയാണ്. നമ്മുടെ രാജ്യവും അതിനൊപ്പം മുന്നേറണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തുള്ള ഈ തലമുറ ശാസ്ത്ര ബോധത്തിലൂടെ മാത്രമേ ലോകത്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കണമെന്നും സ്പീക്കർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി ദത്തൻ അധ്യക്ഷത വഹിച്ചു. കെ എസ് സി എസ് ടി ഇ മെമ്പർ സെക്രട്ടറി പ്രൊഫ. എ സാബു, ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ സജീവ് കുമാർ എസ് എ, കെ എസ് സി എസ് ടി ഇ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അനിൽകുമാർ സി തുടങ്ങിയവർ സന്നിഹിതരായി.










