ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 1881 പദ്ധതികൾക്ക് അംഗീകാരം

post


ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 2022-2023 വാർഷിക പദ്ധതിയിലെ 1881 പദ്ധതികൾക്ക് അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 391 പദ്ധതികളും അഞ്ചു നഗരസഭകളിലെ 100 പദ്ധതികളും അംഗീകാരം ലഭിച്ചവയിൽ ഉൾപ്പെടുന്നു. 10 ബ്ലോക്ക്‌ പഞ്ചായത്തുകളുടെ 143 പദ്ധതികളും 62 ഗ്രാമപഞ്ചായത്തുകളുടെ 1247 പദ്ധതികളും അംഗീകരിക്കപ്പെട്ടു.

അംഗനവാടി പോഷകാഹാര വിതരണം, പാലിയേറ്റിവ് കെയർ, ആശുപത്രികൾക്ക് മരുന്നു വാങ്ങൽ, വിവിധ പദ്ധതികൾ പ്രകാരം നിയോഗിക്കപ്പെടുന്നവരുടെ പ്രതിഫലം, ബഡ്‌സ് സ്കൂൾ, റീഹാബിലേഷൻ കേന്ദ്രം, പകൽ വീട് എന്നിവിടങ്ങളിലെ ഭക്ഷണ വിതരണം, സ്കൂൾ - അംഗനവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ജി. പി. എസ് ഘടിപ്പിച്ച ടാങ്കറുകളിൽ കുടിവെള്ളം വിതരണം, ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

2021-22 വാർഷിക പദ്ധതിയിൽ 100 ശതമാനം പദ്ധതി തുക ചിലവഴിച്ച നാലു ബ്ലോക്ക്‌ പഞ്ചായത്തുകളെയും 39 ഗ്രാമപഞ്ചായത്തുകളെയും ചടങ്ങിൽ അനുമോദിച്ചു.  പദ്ധതി പുരോഗതിയിൽ ആലപ്പുഴ ജില്ലാ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ബ്ലോക്ക്‌ പഞ്ചായത്തുകളുടെ പദ്ധതി പുരോഗതിയിൽ ചെങ്ങന്നൂർ ബ്ലോക്ക്‌ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ഗ്രാമപഞ്ചായത്തുകളിൽ കാർത്തികപ്പള്ളി, പുന്നപ്ര തെക്ക്, മുഹമ്മ പഞ്ചായത്തുകൾ സംസ്ഥാന തലത്തിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.