തെളിനീരൊഴുകും നവകേരളം: കിനാനൂര്‍ - കരിന്തളം ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണത്തിന് ഒരുങ്ങി

post


കാസര്‍കോട്: കേരള സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന മഴക്കാല പൂര്‍വ ശുചീകരണം, പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി എന്നിവ വിജയിപ്പിക്കുന്നതിന് വിപുലമായ മുന്നൊരുക്കങ്ങള്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആരംഭിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഭരണ സമിതി യോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. ഏപ്രില്‍ 25നകം വാര്‍ഡ്തല ജാഗ്രതാ സമതിയോഗം ചേര്‍ന്ന് വാര്‍ഡ്തല പരിപാടികള്‍ ആസൂത്രണം ചെയും.


ഏപ്രില്‍ 30നകം വന്‍ ജനപങ്കാളിത്തത്തോടെ മുഴുവന്‍ ഗ്രാമസഭകളും ചേരും. വാര്‍ഡ്തല മാപ്പിംഗ്, ജല നടത്തം, ക്ലസ്റ്റര്‍ രൂപീകരണം എന്നിവ നടക്കും. മെയ് മൂന്നിനകം പഞ്ചായത്തിനകത്തെ മുഴുവന്‍ സ്ഥപനങ്ങളും , വ്യാപാരസ്ഥാപനങ്ങളും ശുചീകരിക്കും. തോടുകള്‍, നീര്‍ചാലുകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവ ശുചീകരിക്കും. മെയ് അഞ്ചിന് മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വീടുകളും പരിസരങ്ങളും സന്ദര്‍ശിച്ച് ശുചീകരണം ഉറപ്പു വരുത്തും. ഞായറാഴ്ച വീടുകളിലും, വെള്ളിയാഴ്ച സ്ഥാപനങ്ങളും , വ്യാപാരസ്ഥാപനങ്ങളും ഡ്രൈഡേ ആചരിക്കും.