തെരഞ്ഞെടുപ്പ് കണക്ക് നല്‍കിയില്ലെങ്കില്‍ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കും

post


ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ചിലവ് കണക്ക് സമര്‍പ്പണവുമായി ബന്ധപ്പെട്ട് വീഴ്ച്ചകള്‍ വരുത്തിയവര്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ചിലവ് കണക്ക് സമര്‍പ്പിക്കാതിരിക്കുക, പരിധിയില്‍ അധികം പണം ചെലവഴിക്കുക, ചെലവഴിച്ച തുക രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ വീഴ്ച്ചകള്‍ വരുത്തിയവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവ് കണക്ക് സമര്‍പ്പക്കാത്ത സ്ഥാനാര്‍ഥികളെ മെയ് മാസത്തില്‍ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ വിവിധ തലങ്ങളില്‍ മത്സരിച്ചവരില്‍ ചെലവ് കണക്ക് സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിലും വരണാധികാരികളുടെ ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ഈ പട്ടിക പരിശോധിക്കുകയും ചെലവു കണക്കുകള്‍ നല്‍കാത്തവര്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അടിയന്തമായി സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശിച്ചു.