വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് തുടക്കമായി;കലാപഠനം ഇനി കൈയ്യെത്തും ദൂരത്ത്
 
                                                വയനാട്: സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന വജ്ര ജുബിലീ ഫെല്ലോഷിപ് പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് തല ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്തിൽ നടന്നു.സുകുമാര കലകളിൽ നിശ്ചിത യോഗ്യത നേടിയ യുവാക്കൾക്ക് സാമൂഹ്യ കലാ പരിശീലനത്തിന് വേദി ഒരുക്കുന്നതോടൊപ്പം രണ്ടു വർഷക്കാലം ഫെല്ലോഷിപ് നൽകി അവരെ പിന്തുണക്കുന്നതാണ് പദ്ധതി.
പദ്ധതിയിലൂടെഫെല്ലോഷിപ് നൽകപ്പെടുന്ന കലാകാരന്മാർ വഴി പ്രായഭേദമന്യേ ജനങ്ങൾക്ക് സൗജന്യ കലാപരിശീലനം നൽകുന്നു.ചെണ്ട( തായമ്പക ), കൂടിയാട്ടം എന്നിവയിലാണ് രണ്ടാം ഘട്ട വജ്ര ജുബിലീ പദ്ധതി അനുസരിച്ചു കലാപരിശീലനം നൽകുന്നത്.
അതാതു ക്ലസ്റ്ററുകളിൽ തദേശ സർക്കാറുകൾ ഒരുക്കുന്ന പരിശീലനകേന്ദ്രങ്ങൾ വഴി ആണ് സാമൂഹ്യ പരിശീലനം. നിലവിൽ തിരുനെല്ലി പഞ്ചായത്തും എടവക പഞ്ചായത്തുമാണ് മാനന്തവാടിയിലെ പരിശീലനം കേന്ദ്രങ്ങൾ. 45 ഓളം കലാരൂപങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. കലാ രൂപങ്ങളിൽ പ്രാമുഖ്യമുള്ള ആയിരം കലാകാരൻമാരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുകയും കലാകാരൻമാർക്ക് 10000 രൂപ സംസ്ക്കാരിക വകുപ്പും 5000 രൂപ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്കുന്നു.
പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു.










