എന്‍ക്യുഎഎസ് അംഗീകാരം നില നിര്‍ത്തി നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍

post


കാസര്‍കോട്: നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം നിലനിര്‍ത്തി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍. നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാണ് എന്‍ക്യുഎഎസ് അംഗീകാരം നിലനിര്‍ത്തിയത്. നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ (എന്‍ എച്ച് എസ് ആര്‍ സി )ആണ് ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഈ അംഗീകാരം നല്‍കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ പരിശോധനയിലൂടെയാണ് ഈ ആശുപത്രികളെ തിരഞ്ഞടുത്തത്. കുടുംബാരോഗ്യകേന്ദ്രം നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രം 89.64 മാര്‍ക്കും ചിറ്റാരിക്കാല്‍ 93.30 മാര്‍ക്കും നേടി.

സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം, രോഗികളുടെ സുരക്ഷ, അണുബാധ നിയന്ത്രണം ഉറപ്പുവരുത്തല്‍, രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. മൂന്നു വര്‍ഷമാണ് ഇതിന്റെ കാലാവധി. ഈ മൂന്നു വര്‍ഷവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും താലുക്ക്, ജില്ലാ ആശുപത്രികള്‍ക്ക് അവരുടെ ബെഡുകള്‍ക്ക് അനുസരിചുള്ള തുകയും എന്‍ എച്ച് എസ് ആര്‍ സി നല്‍കും. 2018 -21 കാലഘട്ടത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ സ് അംഗീകാരം ലഭിച്ചിരുന്നു. 2021 ല്‍ കാലാവധി അവസാനിച്ച നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നടന്ന വെര്‍ച്വല്‍ പരിശോധനയിലാണ് ഈ അംഗീകാരം നിലനിര്‍ത്തിയത്. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 11 സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎ എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്.
നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രം, കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രം, വലിയ പറമ്പ കുടുംബാരോഗ്യ കേന്ദ്രം, ഉദുമ കുടുംബാരോഗ്യ കേന്ദ്രം, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം, യുപി എച്ച് സി കാസര്‍കോട്, കാസര്‍കോട് ജില്ലാ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി തുടങ്ങിയ ആശുപത്രികള്‍ക്കാണ് നിലവില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്.