കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിത കര്‍മ്മ സേനയുടെ എം.എസി.എഫില്‍ കണ്‍സോര്‍ഷ്യം ഓഫീസ് തുറന്നു

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ എം.എസി.എഫില്‍ കണ്‍സോര്‍ഷ്യം ഓഫീസ് തുറന്നു. ഓഫീസിന്റെ ഉദ്ഘാടനവും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നഗരസഭാധ്യക്ഷ കെ.വി.സുജാത നിര്‍വഹിച്ചു. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തകര്‍ എല്ലാ വാര്‍ഡുകളിലും എല്ലാ വീടുകളിലും എത്തുന്നുണ്ട്. മികച്ച പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്. ഏതെങ്കിലും ഭാഗത്ത് ഹരിത കര്‍മ്മസേന വരുന്നില്ലെങ്കില്‍ വാര്‍ഡ് കൗണ്സിലരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മതിയെന്ന് നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു.
കടവരാന്തയിലും പഴയ ബസ് സ്റ്റാന്‍ഡിനു സമീപം, പ്രധാന റോഡരികിലും വര്‍ഷങ്ങളായി കിടന്ന പ്ലാസ്റ്റിക് ശേഖരമുള്പ്പടെയുള്ള മാലിന്യം ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന ഫലമായാണ് വൃത്തിയായത്. ഹരിത കര്‍മ സേനയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മാലിന്യമുക്ത നഗരമെന്ന യാത്രയ്ക്കും വേഗം കൂട്ടി. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡു നിര്‍മ്മാണത്തിനും മറ്റ് വ്യവസായങ്ങള്‍ക്കുമായി കൈമാറും. നഗരസഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ചിരുന്ന 500ടണ്‍ അജൈവ മാലിന്യം ക്ലീന്‍ കേരള കമ്പനി കഴിഞ്ഞ മാസം കൈമാറി.