ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണം : മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

post

സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അട്ടപ്പാടി ഗവ ഗോട്ട് ഫാമില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 500 കിലോവാട്ട് സൗരോര്‍ജ വൈദ്യുതി പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരികയായിരുന്നു മന്ത്രി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വ്യവസായങ്ങള്‍ക്ക് ഗുണകരമല്ല. സംസ്ഥാനത്ത് നിന്നും ലഭിക്കുന്ന ജലം ഉപയോഗിച്ച് അയല്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ കേരളം വൈദ്യുതി വാങ്ങുന്നത് 20 രൂപ യൂണിറ്റ് നിരക്കിലാണ്.

രാത്രിയില്‍ വൈദ്യുതി ഉത്പാദനം സാധ്യമല്ല എന്നത് സോളാറിന്റ പരിമിതിയാണ്. ഇത് മറികടക്കാനാണ് കാറ്റ് , ജലം ഉള്‍പ്പടെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖല വൈദ്യുതി രംഗത്തേക്ക് വരുന്നത് സാധാരണക്കാരുടെ വൈദ്യുതി ചെലവ് കൂട്ടും. അട്ടപ്പാടിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും സ്ഥലം നല്‍കുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കെ.എസ്. ഇ. ബി. വരുമാന വിഹിതം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോട്ട് ഫാം പരിസരത്ത് നടന്ന പരിപാടിയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ , ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.ഇ.ബി. ബോര്‍ഡ് അംഗവുമായ വി. മുരുകദാസ് , ജില്ലാ പഞ്ചായത്ത് വികസന കാര്യക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ പി.സി. നീതു , ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എസ്.രജനി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.