പദ്ധതി പ്രവര്‍ത്തനം: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനത്ത് അഞ്ചാംസ്ഥാനം

കാസർകോട്: നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചപ്പോള്‍ 5 കോടി 28 ലക്ഷത്തി 19 നായിരം രൂപ ചെലവഴിച്ച് 106.18 ശതമാനം തുകയുടെ പദ്ധതികള്‍ നടപ്പിലാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് അഞ്ചാംസ്ഥാനം കരസ്ഥമാക്കി.
ദീര്‍ഘവീക്ഷണവും എല്ലാ മേഖലയിലെയും സമഗ്രവികസനം ലക്ഷ്യംവെച്ചുള്ള ഭരണസമിതിയുടെയും, ജീവനക്കാരുടെയും, ജില്ലാ ആസൂത്രണ സമിതിയുടെയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ പറഞ്ഞു.
ഭവന നിര്‍മ്മാണ മേഖലയിലെ പദ്ധതികള്‍ക്കായി 75 ലക്ഷം രൂപ, കുടിവെള്ള പദ്ധതികള്‍ക്കായി 48,91,000. രൂപ, ശുചിത്വ മേഖലയിലെ പ്രവര്‍ത്തനകള്‍ക്ക് 48,91,000 രൂപ, പട്ടിക ജാതിവര്‍ഗ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പും പഠനമുറിയും ഇനത്തില്‍ 69,69,000 രൂപ, ആരോഗ്യമേഖലയില്‍ 94,17,000 രൂപ, ഉത്പ്പാദന മേഖലയില്‍ 95,55,000 രൂപ, വനിതാ തൊഴില്‍ മേഖലയില്‍ 30,32,000 രൂപ, പശ്ചാത്തല മേഖലയില്‍ 96,15,000 രൂപ എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്.
കോവിഡ് കാലത്ത് രോഗികള്‍ക്കായി ആംബുലന്‍സ്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഓണ്‍ലൈന്‍ കലാമേള, ട്രാന്‍സ്‌ജെന്റേഴ്‌സ് സ്ഥിരം കലാ ട്രൂപ്പ്, സ്മാര്‍ട്ട് അംഗന്‍വാടികള്‍,സ്ത്രീ സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം, ഡയാലിസിസ് സെന്റര്‍ , മാലിന്യനിര്‍മാര്‍ജന യൂണിറ്റ്, മൊബൈല്‍ വെറ്റിനറി ക്ലിനിക്. ബ്ലോക്ക് പരിധിയിലെ സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ സൗകര്യമൊരുക്കിയ ഷീ പാഡ് പദ്ധതി, യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മെഗാ തൊഴില്‍ മേള, യൂത്ത് ആക്ഷന്‍ ഫോഴ്‌സ് തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി. കൊറോണക്കാലത്ത് പരിമിതികള്‍ ഏറെയുണ്ടായിട്ടും ജില്ലയ്ക്ക് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം സ്വന്തമാക്കിയത്.