കാലിതീറ്റ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും: മന്ത്രി ജെ. ചിഞ്ചുറാണി

post

കാലിതീറ്റ ഉള്‍പ്പെടെ തീറ്റകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇതോടെ ഗുണന്മേമയും അപായ രഹിതവുമായ കാലിതീറ്റ കര്‍ഷകര്‍ക്ക് വിശ്വസിച്ചു വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പ് കോഴിപ്പാറ അഹല്യ ക്യാമ്പസില്‍ സംഘടിപ്പിച്ച  ജില്ലാതല  ക്ഷീര കര്‍ഷക സംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകരെ സഹായിക്കുന്ന  സമീപനമാണ് മില്‍മ സ്വീകരിക്കുന്നത്. അവര്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ വലിയ ശതമാനം  കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാന്‍ ഉപയോഗിക്കുന്നുണ്ട്. കാലിതീറ്റ വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ മില്‍മ ഫീഡ്‌സ്, കേരള ഫീഡ്‌സ് എന്നിവ വഴി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. കേരളത്തില്‍ എന്തുകൊണ്ട് വിലകുറഞ്ഞു കാലി തീറ്റ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്ന പ്രശനം പരിഹരിക്കാന്‍ കേരള ഫീഡ്‌സ് ഉദ്യോഗസ്ഥര്‍ കൃഷി, ദേവസ്വം വകുപ്പ് മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ച് അടുത്തദിവസം യോഗം ചേരും. തീറ്റപ്പുല്ല് കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏക്കറിന് 16000 രൂപ സബ്സിഡി നല്‍കുന്നുണ്ട്. കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍  നിന്നും വൈക്കോല്‍ എത്തിക്കാന്‍ റയില്‍വേ സൗകര്യം പ്രയോജനപ്പെടുത്തും. മൃഗാശുപത്രികളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സഞ്ചരിക്കുന്ന മൃഗാശുപത്രി ഇതിന്റെ ഭാഗമാണ്. ക്ഷീര കര്‍ഷകരെ സഹായിക്കുകയാണ് സര്‍ക്കാര്‍ നയം. ജില്ലയുടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിലകുറഞ്ഞ പാല്‍ കൊണ്ടുവരുന്നത് തടയാനും പാല്‍ സുരക്ഷാ ഉറപ്പാക്കാനും ഉദ്യോഗസ്ഥരെയും മില്‍മ അധികാരികളെയും ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.


കെ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍  എം.എല്‍.എ.മാരായ കെ ശാന്തകുമാരി, കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, മലബാര്‍ മേഖലാ  മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി,  കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, ക്ഷീര കര്‍ഷക സംഗമ കമ്മറ്റി ചെയര്‍മാന്‍ എസ്. ദൈവസഹായം, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്റ്റര്‍  ജെ.എസ് ജയ സുജീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണ സംഘം ഭാരവാഹികള്‍ സംസാരിച്ചു. പരിപാടിയില്‍  ക്ഷീര കര്‍ഷക പുരസ്‌കാരങ്ങള്‍  കൈമാറി