'ഉണരൂ, ഉപഭോക്താവേ ഉണരൂ' വാഹന പര്യടന പ്രദര്‍ശനം ശ്രദ്ധേമായി

post

പാലക്കാട്: ഉപഭോക്തൃ ബോധവത്ക്കരണം ലക്ഷ്യമാക്കി സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ നടന്ന വാഹന പര്യടന  പ്രദര്‍ശനം പൂര്‍ത്തിയാക്കി. പാലക്കാട് താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് വാഹന പര്യടനം സംഘടിപ്പിച്ചത്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പ്പന്നം സംബന്ധിച്ച് അവബോധമുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെ 'ഉണരൂ, ഉപഭോക്താവേ ഉണരൂ' എന്ന ആശയം മുന്‍നിര്‍ത്തിയാണ് പ്രദര്‍ശനം നടന്നത്. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയത് സംബന്ധിച്ച ലഘുവിവരണം, ആധാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, ഉപഭോക്തൃ അവകാശങ്ങള്‍, അമിത ഉപഭോഗം കുറച്ച് ഹരിത ഉപഭോഗം ശീലമാക്കി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സംബന്ധിച്ചുമുള്ള വിവരണങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

എല്ലാ ജില്ലകളിലും ജില്ലാതല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വഴി 20 ലക്ഷം രൂപ വരെ വിലയുള്ള ഉത്പന്നങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാം. 20 ലക്ഷത്തിന് മുകളില്‍ ഒരു കോടി വരെ വിലയുള്ള ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ പരാതി നല്‍കാം. ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാനായി 1800 425 1550, 1967 എന്നീ നമ്പരുകളില്‍ വിളിക്കാം.


ഉത്പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് ചോദിച്ചു വാങ്ങുക

* അളവും തൂക്കവും ശരിയാണെന്ന് ബോധ്യപ്പെടുക

* ഇലക്ട്രോണിക് സാധനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുക

* പായ്ക്ക് ചെയ്ത സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉത്പ്പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തിയ്യതി, നിര്‍മ്മാതാവിന്റെ വിതരണക്കാരന്റെ പൂര്‍ണമായ മേല്‍വിലാസം, സാധനത്തിന്റെ തൂക്കം, ഭക്ഷണ സാധനം ആണെങ്കില്‍ കാലാവധി കഴിയുന്ന തീയതി, പരമാവധി ചില്ലറ വില്‍പ്പന വില എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക

* വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന പ്രസ്താവന ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ബില്ലില്‍ പ്രിന്റ് ചെയ്തതായി കണ്ടാല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്റെ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്. 


സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുക (ബി.ഐ.എസ് സ്ഥാപനത്തിന്റെ ചിഹ്നം)

* പരിശുദ്ധിയെ സൂചിപ്പിക്കുന്ന മൂന്നക്ക നമ്പര്‍ (958, 916, 875, 750, 585, 375 ഇവയില്‍ ഏതെങ്കിലും) ഉണ്ടെന്ന് ഉറപ്പു വരുത്തുക

* സ്വര്‍ണാഭരണം നിര്‍മിച്ചത് ഏത് വര്‍ഷമെന്ന് സൂചിപ്പിക്കുന്ന ബി.ഐ.എസ് കോഡ്  നമ്പരും ബി.ഐ.എസ് അംഗീകൃത സ്വര്‍ണവ്യാപാരിയുടെ/നിര്‍മാതാവിന്റെ ചിഹ്നം എന്നിവയും ഉറപ്പുവരുത്തുക.