വന്യജീവി ആക്രമണം: നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ നല്‍കും

post



പാലക്കാട്‌ : വന്യജീവി ആക്രമണത്തില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര കുടിശ്ശിക ഉടനെ  നല്‍കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടം, ധോണി ഇക്കോ ടൂറിസം സെന്ററിന് കാട്ടു തീ പ്രതിരോധത്തിന് ലഭിച്ച വാഹനം ഫല്‍ഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തില്‍പെട്ടവര്‍ക്ക് പന്ത്രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനുണ്ട്. പാലക്കാട് വനം സര്‍ക്കിളിന്റെ  കീഴില്‍ നിലവിലുള്ള  നഷ്ട പരിഹാര കുടിശ്ശിക നല്‍കുന്നതിന് ഒരു 1.7 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ഘട്ടം ഘട്ടമായി തുക നല്‍കും. കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. സംസ്ഥാനത്തെ ആദ്യത്തെ സംരഭമാണ് ധോണിയില്‍ ഫയര്‍ ട്രാക്ടര്‍ അനുവദിച്ചതെന്നും  പരിപാടിയില്‍ ഫയര്‍ ട്രാക്ടര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. പൊതു സമൂഹവുമായി കൂടുതല്‍ ഇടപെടുന്ന സംവിധാനമായി വനംവകുപ്പ് പ്രവര്‍ത്തനങ്ങള്‍  പുനരാവിഷ്‌കരിക്കും.  വനം- വന്യജീവികളെ മാത്രമല്ല വനാശ്രിത സമൂഹത്തിന്റെ  പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ആര്‍ജ്ജവത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍  പ്രവര്‍ത്തിക്കണം. സര്‍ക്കാരിന്റെ ജനകീയ മുഖമായി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വനത്തിനുള്ളില്‍ സ്വയരക്ഷ ഉറപ്പാക്കാനുള്ള സൗകര്യം, വന്യജീവി ആക്രമണം സമയബന്ധിതമായി തടയുക, മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും സുരക്ഷ ഉറപ്പാക്കുക  തുടങ്ങിയവയ്ക്കും ആവശ്യകരമായ സൗകര്യങ്ങള്‍ ഉറപ്പാക്കും. എല്ലാ പ്രധാന കേന്ദ്രങ്ങളിലും  റേഞ്ച്  ഓഫീസുകള്‍ ആരംഭിക്കും. നിലവില്‍ മലമ്പുഴ, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ ്റേഞ്ച് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മെയ് 20 നകം പണി പൂര്‍ത്തിയാക്കി റേഞ്ച് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യും. പന്ത്രണ്ട് റേഞ്ച് ഓഫീസുകളുടെ നവീകരണത്തിന് പുറമേ ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. വകുപ്പിന് ആവശ്യമായ വാഹന സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി  സ്വീകരിച്ചിട്ടുണ്ട്.  കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ആര്‍.ആര്‍.ടി എഫുകളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ജനാ ദേവിയുടെ ആശ്രിതര്‍ക്ക് നല്‍കാനുള്ള  അഞ്ച് ലക്ഷം രൂപ  മന്ത്രി കൈമാറി. കാട്ടാനകളെ തുരത്തിയോടിക്കുന്നതിനിടയില്‍ പടക്കം പൊട്ടി പരുക്കേറ്റ  ഫോറസ്റ്റ് വാച്ചര്‍ ആറുച്ചാമിയ്ക്ക് വാളയാര്‍ റേഞ്ച് ഓഫീസ് ജീവനക്കാര്‍ സമാഹരിച്ച ധനസഹായം എ.പ്രഭാകരന്‍ എം.എല്‍.എ  വിതരണം ചെയ്തു.