മഴക്കാല പൂര്‍വശുചീകരണത്തിനായി ഒരുങ്ങാം, പ്രാദേശികതലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കും

post



കാസര്‍കോട്: ജില്ലയില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായി മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും ജില്ലാ അടിസ്്ഥാനത്തിലും വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.ആരോഗ്യസുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന ലക്്ഷ്യം കൈവരിക്കാന്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.മഴക്കാല മുന്നോരുക്ക പ്രവര്‍ത്തനങ്ങള്‍ , മാലിന്യപരിപാലനം , കൊതുകുനിവാരണം, മലിനജലം ശാ്സ്ത്രീയമായി സംസ്‌കരിക്കല്‍,ജലസ്രോതസ്സുകളുടെ ശുചീകരണം, തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലമായ കര്‍മപദ്ധതി തയ്യാറാക്കി നടപ്പിലാക്കും. ഓരോ വാര്‍ഡിലും 50 വീടുകളെ/ സ്ഥാപനങ്ങളെ വീതം ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിംഗും മൈക്രോ ലെവല്‍ കര്‍മപരിപാടികളും ആസൂത്രണം ചെയ്യും.


ഓരോ വാര്‍ഡിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലും സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സാമൂഹ്യസംഘടനകള്‍, എന്‍ജിഒകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ വ്യാപാരി വ്യവസായികള്‍ , റസിഡന്റ്സ് അസോസിയേഷനുകള്‍, കലാകായിക സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി മുഴുവന്‍ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രവര്‍ത്തന പങ്കാളികളാക്കും. വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതിയില്‍ ഹരിതകര്‍മ സേന പ്രവര്‍ത്തകരെ കൂട്ടിച്ചേര്‍ത്ത് പുന:സംഘടിപ്പിച്ച് ക്യാമ്പെയിന്‍ പ്രവര്‍ത്തനം ശക്തമാക്കും. ജില്ല നഗരസഭ ബ്ലോക്ക് ഗ്രാമപഞ്ചായത്ത്തലങ്ങളിലെ പ്രസിഡന്റ്/ ചെയര്‍പേഴ്സണ്‍മാരുടെ അധ്യക്ഷതയിലും അതാത് മെഡിക്കല്‍ ഓഫീസര്‍മാര്‍ കണ്‍വീനറായും ഉള്ള ആരോഗ്യ ജാഗ്രതാ സമിതികളെയും ഇന്റര്‍സെക്ടറല്‍ സമിതികളുടെയും യോഗങ്ങള്‍ നടത്തും. ജില്ലയിലെ പ്രവര്‍ത്തനങ്ങളാകെ അതാത് ജില്ലാചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച് ആസൂത്രണം ചെയ്ത് നിര്‍വഹണ പുരോഗതി അവലോകനം ചെയ്യും.