വിദ്യാഭ്യാസ മേഖലയുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് ജനമനസ്സറിയാം പദ്ധതി

post



വയനാട്: ജില്ലയുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് നടത്തുന്ന പഞ്ചവത്സര പദ്ധതിയുടെ ആദ്യ ഘട്ട അവലോകന യോഗം സിവില്‍ സറ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്നു. ജില്ലയിലെ വിദ്യഭ്യാസ മേഖല കേന്ദ്രീകരിച്ച് നടത്തിയ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മാരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ കായിക പരിശീലനം, വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക്, എസ്.എസ്.എല്‍.സി, പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ പഠനരീതികള്‍, വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ്, വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം, പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ പഠന രീതി, വരുന്ന  അദ്ധ്യയന വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.

അടുത്ത അഞ്ച് വര്‍ഷം ജില്ലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചാണ് വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വികസന- ക്ഷേമ ആശയങ്ങള്‍ ജില്ലാ പഞ്ചായത്ത് ക്ഷണിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിന്റെ അടുത്ത 5 വര്‍ഷത്തെ പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ വികസനം, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ചും അവലോകന യോഗം സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.