വായനയുടെ പുത്തന്‍ ലോകം ഒരുക്കി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്

post



കാസർഗോഡ്: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിയ ഗാന്ധി സ്മാരക വായനശാല ഡിജിറ്റലൈസേഷന്‍ നടത്തി പുസ്തക ആസ്വാദകര്‍ക്ക് പുത്തന്‍ ലോകം തുറന്നിട്ടു കൊടുക്കുകയാണ് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്. പതിനായിരത്തിലധികം മികച്ച പുസ്തക ശേഖരങ്ങളാണ്  ലൈബ്രറിയില്‍  ഒരുക്കിയിട്ടുള്ളത്. സാഹിത്യ കൃതികള്‍ക്കൊപ്പം പോപ്പുലര്‍ സയന്‍സ് ഗാന്ധിയന്‍ സാഹിത്യം, ഷേക്്‌സ്പീരിയല്‍ കൃതികള്‍, പരിസ്ഥിതി സാമൂഹിക ഗവേഷണ ഗ്രന്ഥങ്ങള്‍, ഭാഷാ പഠന ഗ്രന്ഥങ്ങള്‍ എന്നിവയുടെ ഈടുറ്റ ശേഖരമുണ്ട്. കൂടാതെ ആയിരത്തിലധികം റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കൊപ്പം ബാലസാഹിത്യത്തിന്റെ വലിയ ശേഖരവുമുണ്ട്.

ആധുനികവത്ക്കരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ ശാസ്ത്രീയമായ വര്‍ഗ്ഗീകരണവും ഷെല്‍ഫ് ക്രമീകരണവും ലൈബ്രറിയെ കൂടുതല്‍ വായന സൗഹ്യദമാക്കിയിട്ടുണ്ട്. പാലിബ്‌സ് ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പാര്‍ച്ച്‌മെന്റ് ലൈബ്രറി ഒര്‍ഗനൈസേഷന്‍ കോട്ടയം, എന്ന സ്ഥാപനമാണ് രണ്ട് മാസം കൊണ്ട് ലൈബ്രറി ഡിജിറ്റലൈസേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ ഏറ്റവും പഴമയുള്ളതും സ്വാതന്ത്ര്യ സമര സേനാനി മേലത്ത് നാരായണന്‍ നമ്പ്യാരുടെ നേത്യത്വത്തില്‍ ആരംഭിച്ചതാണ് ഗാന്ധി സ്മാരക വായനശാല. അഞ്ച് വര്‍ഷം കൊണ്ട് പഞ്ചായത്തിലെ മുഴുവന്‍ അംഗീകൃത വായനശാലകളും ഡിജിറ്റലൈസ് ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദന്‍ പറഞ്ഞു.