20 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമ്പലം പാടശേഖരത്തില്‍ പുഞ്ചകൃഷി, പച്ചക്കറി കൃഷിക്ക് തുടക്കമായി

post

പാലക്കാട് : ആനക്കര പെരുമ്പലം പാടശേഖരത്തില്‍ 20 വര്‍ഷമായി മുടങ്ങി കിടന്ന പുഞ്ചകൃഷിക്ക് വീണ്ടും വിത്ത് പാകി കര്‍ഷകര്‍. ആനക്കര കൃഷിഭവന്റെ സഹായത്തോടെയാണ് കൂട്ടുകൃഷിക്ക് തുടക്കമായത്. 26 കര്‍ഷകര്‍ സംയുക്തമായി 25 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.

സിംഗിള്‍ ടു ഡബിള്‍ ക്രോപ് പദ്ധതി പ്രകാരം കൃഷിഭവന്‍ മുഖേന ഹെക്ടറിന് 10000 രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. രോഗകീട നിയന്ത്രണത്തിനായി സൗജന്യമായി ലൈറ്റ് ട്രാപ്പ് ലഭ്യമാക്കും. കൂടാതെ പന്നി ആക്രമണം തടയുന്നതിന് ഫാം വാച്ച്മാന്‍ എന്ന ഉത്പന്നം  കൃഷിഭവന്റെ സഹായത്തോടെ കൃഷിയിടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ആവശ്യമായ ജലം ലഭ്യമല്ലാത്തതിനാല്‍  മുണ്ടകന്‍ മാത്രം കൃഷി ചെയ്തിരുന്ന പാടത്ത് പഞ്ചായത്തിന്റെ  നിര്‍ദ്ദേശപ്രകാരമാണ് പെരുമ്പലം മേലഴിയം പാടസേഖരസമിതി പുഞ്ച കൃഷി കൂട്ടമായി ചെയ്യാന്‍ തീരുമാനിച്ചത്. പെരുമ്പലം പള്ളിപ്പറമ്പ് പാടശേഖരത്തില്‍ നടന്ന പരിപാടി ആനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ അദ്ധ്യക്ഷനായി.

തുടര്‍ന്ന് കൃഷി ഭവന്‍ മുഖേന നടപ്പിലാക്കുന്ന ജീവനി പദ്ധതി പ്രകാരം പെരുമ്പലം പാടശേഖരത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം  പരമ്പരാഗത കര്‍ഷകയായ ജാനകി പാടത്ത് വിത്ത് നട്ട്  നിര്‍വഹിച്ചു. 90 വയസ്സുള്ള ജാനകി പച്ചക്കറി, നെല്ല് എന്നിവ കൃഷി ചെയ്തു വരുന്നുണ്ട്. അഞ്ച് ഹെക്ടര്‍ സ്ഥലത്ത് 16 കര്‍ഷകര്‍ ചേര്‍ന്ന് നടത്തുന്ന പച്ചക്കറി കൃഷിക്ക് കൃഷിഭവന്‍ മുഖേന 75,000 രൂപ അനുവദിച്ചിട്ടുണ്ട്. ആനക്കര കൃഷി ഓഫീസര്‍ സുരേന്ദ്രന്‍,  സീനിയര്‍ കൃഷി അസിസ്റ്റന്റ് സി ഗിരീഷ്, പെരുമ്പലം മേലഴിയം പാടസേഖരസമിതി  സെക്രട്ടറി രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.