രണ്ടുപതിറ്റാണ്ടിനുശേഷം വീണ്ടും പച്ചവിരിച്ച് പുല്ലാന്‍താഴം പാടശേഖരം

post

ആലപ്പുഴ: ഇരുപത്തിരണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പച്ച പുതച്ച് പുല്ലാന്‍താഴം പാടശേഖരം. വര്‍ഷങ്ങള്‍ക്ക മുമ്പ് ആല ഗ്രാമപഞ്ചായത്തിലെ പ്രധാന നെല്ല് ഉത്പാദന കേന്ദ്രങ്ങളിലൊന്നായിരുന്ന പുല്ലന്‍താഴം പാടശേഖരം പിന്നീട് ജല ദൗര്‍ലഭ്യവും സാമ്പത്തിക പ്രതിസന്ധിയും  കാരണം ഉപേക്ഷിക്കപ്പെട്ട നിലയിലാവുകയായിരുന്നു.
ഇപ്പോള്‍ വീണ്ടും പുല്ലാന്‍താഴം പാടശേഖരം കതിരണിയുന്നത് ത്രിതലപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ജനകീയ കൂട്ടായ്മയുടേയും സഹകരണത്തോടെയാണ്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ ആല ഗ്രാമപഞ്ചായത്ത് പരിധിയിലെ 20 കര്‍ഷകരുടെ കൂട്ടായ്മയിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. 50 ഹെക്ടര്‍ പാടശേഖരത്തില്‍ പാതി നിലത്താണ്  കൃഷി ഇറക്കിയിരിക്കുന്നത്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം കൃഷി ഭവനില്‍ നിന്നു സൗജന്യമായി നല്‍കിയ അത്യുത്പാദന ശേഷിയുള്ള സങ്കര ഇനം നെല്ലാണ് ഇവിടെ വിതച്ചത്. ഹെക്ടറില്‍ ശരാശരി ആറു മുതല്‍ ഏഴു ടണ്‍ വരെ വിളവ് ഇതില്‍ നിന്നു ലഭിക്കുന്നു. 120 മുതല്‍ 135 ദിവസം വരെയാണ് നെല്ലുകള്‍ മൂപ്പെത്താനുള്ള സമയം. മാര്‍ച്ചില്‍ കൊയ്ത്ത് ആരംഭിക്കും. ത്രിതല പഞ്ചായത്തും കൃഷിവകുപ്പും കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉള്‍പ്പടെ നല്‍കുന്നുണ്ട്. പാടശേഖരത്തിലേക്കു ട്രാക്ടര്‍ പോലുള്ള യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാത്തതിനാലാണ് 25 ഹെക്ടര്‍ സ്ഥലത്ത് മാത്രമായി കൃഷി ഒരുക്കിയത്. അടുത്ത വര്‍ഷത്തോടെ ഈ പ്രശ്‌നം പരിഹരിച്ച് കൃഷി കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിപ്പിക്കാനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പ്രളയം പ്രതികൂലമായി ബാധിച്ച പാടശേഖരങ്ങളിലൊന്നായ പുല്ലാന്‍താഴം പാടശേഖരം കൃഷിക്കായി ഒരുക്കുക എന്നത് ഏറെ ശ്രമകരമായ പ്രവൃത്തിയായിരുന്നു. എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ സഹായസഹകരണത്തോടെ കര്‍ഷക കൂട്ടായ്മയില്‍ മികച്ച രീതിയില്‍ കൃഷി ഒരുക്കാന്‍ സാധിച്ചുവെന്നും വരും വര്‍ഷങ്ങളില്‍ കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നും ആല കൃഷിഭവന്‍ കൃഷി ഓഫീസര്‍ പ്രശാന്ത് പറഞ്ഞു.