കണ്ണാടി ബഡ്‌സ് സ്‌കൂള്‍ ഏഴാം വര്‍ഷത്തിലേക്ക്

post


പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി   ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ണാടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂള്‍ ഏഴാം വര്‍ഷത്തിലേക്ക്. സാമ്പത്തികമായി പിന്നാക്കമുള്ള   വീടുകളിലെ മാനസിക വെല്ലുവിളിയുള്ള കുട്ടികള്‍ക്ക് പകല്‍സമയങ്ങളില്‍ പരിപാലനം എന്ന രീതിയില്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂളില്‍ 43 കുട്ടികളാണ് നിലവില്‍ പഠിക്കുന്നത്. ഇതില്‍ 18 വയസ്സില്‍ മുകളില്‍ പ്രായമുള്ള 30 പേരും താഴെയുള്ള 13 കുട്ടികളുമാണുള്ളത്. 18 ന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ വരുമാനം കണ്ടെത്താനുള്ള തൊഴില്‍ പരിശീലനവും നല്‍കുന്നു. കുട്ടികള്‍ക്ക് യോഗ, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി നടത്തുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ 2017 - 18 സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് ബഡ്‌സ് സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരു നിലകളിലായുള്ള കെട്ടിടത്തില്‍ ക്ലാസ് റൂം, വിശ്രമമുറി, ശുചിമുറി, വെന്റിലേഷന്‍,  അഡാപ്റ്റീവ് ടോയ്‌ലറ്റുകള്‍, ബാരിയര്‍ ഫ്രീ റാമ്പ് സംവിധാനങ്ങള്‍, വീല്‍ ചെയര്‍ സുഗമമായി കൊണ്ടു പോകുന്നതിന് റാമ്പ് കം റെയില്‍ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

സ്മാര്‍ട്ട് ക്ലാസ്സ് മുറി സജ്ജം


ബഡ്‌സ് സ്‌കൂളുകളോട് അനുബന്ധിച്ചുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമിലൂടെ മെന്റല്‍ എബിലിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ക്ലാസ്സുകള്‍ നല്‍കി വരുന്നു. വിവിധ വീഡിയോകള്‍, വര്‍ക്ക് മെറ്റീരിയലുകള്‍, തിയറി പ്രാക്ടികല്‍ ക്ലാസ്സുകളും ഒപ്പം നല്‍കുന്നു.

എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും പഞ്ചായത്തില്‍ നിന്നുള്ള ഭിന്നശേഷി സ്‌കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്. 18 ല്‍ താഴെ പ്രായം വരുന്ന കുട്ടികളെ അവരുടെ ഐ.ക്യൂ നില അനുരിച്ച് പൊതു വിദ്യാലയങ്ങളിലും ചേര്‍ത്തിട്ടുണ്ട്. ഇതുവരെ രണ്ട് കുട്ടികളാണ് ഇത്തരത്തില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. 10 പേര്‍ എസ്. എസ്.എല്‍.സി തലത്തില്‍ എത്തി നില്‍ക്കുന്നു.




തുടക്കം കിഡ്‌സ് എന്ന പേരില്‍ പിന്നീട്  ബഡ്സ്


2007 ല്‍ കണ്ണാടിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കണ്ണാടി ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി(കിഡ്‌സ്) എന്ന പേരില്‍  10 കുട്ടികളെ ഉള്‍ക്കൊള്ളിച്ച് സൊസൈറ്റിയായാണ് സ്‌കൂളിന്റെ തുടക്കം. എം.ആര്‍, സി.പി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ വിഭാഗങ്ങളിലുള്ള മൂന്നു മുതല്‍ 35 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കിഡ്‌സിലൂടെ പരിശീലനം നല്‍കി. ഫിനോയില്‍ , വാഷിംഗ് പൗഡര്‍, സോപ്പ് തുടങ്ങിയവ നിര്‍മിക്കാനും ഇവര്‍ക്ക് പരിശീലനം നല്‍കി.

2015 ജനുവരി 5 മുതല്‍ കിഡ്‌സ് എന്ന സ്ഥാപനം കണ്ണാടി ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനമാക്കി പ്രവര്‍ത്തനമാരംഭിച്ചു. 2016 ല്‍ ജില്ലയിലെ ആദ്യ രജിസ്‌ട്രേറ്റ് ബഡ്‌സ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കണ്ണാടി ബഡ്‌സിനാണ്.

സ്‌കൂളിനോടു ചേര്‍ന്ന് രക്ഷിതാക്കള്‍ക്കായി  ടൈലറിംങ് യൂണിറ്റ്

ബഡ്‌സ് സ്‌കൂളിനോടു ചേര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വരുമാനമായി ജില്ലാപഞ്ചായത്ത്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയ ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തില്‍ രണ്ട് ടൈലറിംങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് . 18 രക്ഷിതാക്കളാണ് ഇവിടെ ജോലിക്ക് എത്തുന്നത്. രാവിലെ ബഡ്‌സ് സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കള്‍ക്ക് ജോലി കഴിഞ്ഞ് അവരെ തിരിച്ച് കൊണ്ടു പോകുന്നതിന് ഇത് ഏറെ സൗകര്യപ്രദമാണ്.