വയോജനങ്ങള്‍ക്കായി പല്ലശ്ശന പഞ്ചായത്തില്‍ സ്നേഹവീടൊരുങ്ങി

post


പാലക്കാട്: പല്ലശ്ശന പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഒഴിവ് സമയം ചിലവിടാനും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും പല്ലശ്ശന കൂടല്ലൂരില്‍ സ്‌നേഹവീടൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. 1015.5 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ സ്ത്രീകള്‍ക്കും , പുരുഷന്‍മാര്‍ക്കുമായി പ്രത്യേക മുറികള്‍, അടുക്കള, ലിവിങ്ങ് ഏരിയ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷി സൗഹൃദമായാണ് വീട് നിര്‍മിച്ചിരിക്കുന്നത്.19,10261 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പകല്‍ സമയം മുഴുവന്‍ വയോജനങ്ങള്‍ക്ക് സ്‌നേഹ വീടില്‍ ഇരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏറ്റവും വേഗത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കും . സ്‌നേഹവീടില്‍ ഭക്ഷണം നല്‍കുന്നതിനും, ഫര്‍ണീച്ചറുകള്‍ ലഭ്യമാകുന്നതിനും, കെയര്‍ ടെയ്ക്കറുടെ സേവനം ലഭ്യമാക്കുന്നതിനുമായി പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട് കൂടെ നടപ്പിലാക്കുന്നതോടെ സ്‌നേഹ വീട് പൂര്‍ണമായും സജ്ജമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സ്‌നേഹവീട് ഉദ്ഘാടനം ചെയ്തു.