തുളുനാട്ടില്‍ വികസനഗാഥകളുടെ സഞ്ചരിക്കുന്ന ചിത്രയാത്ര

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മൊബൈല്‍ വീഡിയോ പ്രദര്‍ശനം കാസര്‍കോട് മഞ്ചേശ്വരം ബ്ലോക്കുകളില്‍ പര്യടനം തുടങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന് മൊബൈല്‍ വീഡിയോ വാഹനം ഫ്്ളാഗ് ഓഫ് ചെയ്തു. ആനുകൂല്യങ്ങള്‍ ലഭ്യമാകുമ്പോഴും സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ചുള്ള അജ്ഞത പലരിലും ഉണ്ട്. സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും സാധാരണക്കാരില്‍ അവബോധം ഉണ്ടാക്കാന്‍ മൊബൈല്‍ വീഡിയോ പ്രദര്‍ശനം ഉപകരിക്കുമെന്നും ബേബി ബാലകൃഷ്ണന് പറഞ്ഞു. വിദ്യാനഗറിലെ ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ ശകുന്തള അധ്യക്ഷത വഹിച്ചു.
സംസ്ഥാനസര്‍ക്കാറിന്റെ വികസന ക്ഷേമ പദ്ധതികളുടെ ഹ്രസ്വചിത്ര പ്രദര്‍ശനവുമായി എല്‍ഇഡി സ്ക്രീന്‍ ഘടിപ്പിച്ച വാഹനം ഫെബ്രുവരി 25 വരെ കാസര്‍കോട് മഞ്ചേശ്വരം ബ്ലോക്കുകളില്‍ പര്യടനം നടത്തും. കന്നഡ, തുളു , മലയാളം ഭാഷകളില്‍ ഒരുക്കിയ വികസന നേട്ടങ്ങളടങ്ങിയ ഹ്രസ്വവീഡിയോ പ്രദര്‍ശിപ്പിക്കും. തിങ്കളാഴ്ച കാസര്‍കോട്, ചെര്‍ക്കള, ബോവിക്കാനം, കര്‍മംതൊടി, മുള്ളേരിയ, നാരംപാടി, മാര്‍പ്പനടുക്ക, നാട്ടക്കല്, ബെള്ളൂര്‍, കിന്നിംഗര്‍, വാണിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി.