വൃത്തിയുടെ നഗരത്തിന് സ്വരാജ് പുരസ്‌ക്കാരം; അഭിമാനമായി ബത്തേരി നഗരസഭ

post


വയനാട്: വൃത്തിയുടെ നഗരമെന്ന പേരില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ ബത്തേരി നഗരസഭയ്ക്ക് സ്വരാജ് ട്രോഫി പുരസ്‌ക്കാരം. മികച്ച നഗരസഭയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌ക്കാരമാണ് ബത്തേരി  കരസ്ഥമാക്കിയത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍് ബത്തേരി നഗരസഭ ഒന്നാമത് എത്തുകയായിരുന്നു. തിരൂരങ്ങാടി നഗരസഭയ്ക്കാണ് രണ്ടാം സ്ഥാനം.

ആസൂത്രണ മികവിന്റെയും ഭരണ നിര്‍വഹണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. 118 പോയിന്റ് നേടിയാണ് ബത്തേരി നഗരസഭ ഒന്നാം സ്ഥാനത്തെത്തിയത്.  മികച്ച ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌ക്കാരം ഈ വര്‍ഷം മുതലാണ് നഗരസഭകള്‍ക്കും കോര്‍പ്പറേഷനുള്‍ക്കും കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജില്ലാതലത്തില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി പുരസ്‌ക്കാരത്തിന് 129 പോയിന്റ് നേടിയ മീനങ്ങാടി ഒന്നാം സ്ഥാനവും 124 പോയിന്റ് നേടി തരിയോട് രണ്ടാം സ്ഥാനവും നേടി . മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന മഹാത്മ പുരസ്‌ക്കാരത്തിന് ജില്ലാതലത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തും മീനങ്ങാടി ഗ്രാമ പഞ്ചായത്തും അര്‍ഹരായി. 65 പോയിന്റ് നേടിയാണ് ഇരു പഞ്ചായത്തുകളും പുരസ്‌ക്കാരം കരസ്ഥമാക്കിയത്‌.