വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി : കണ്ടല്‍ നടീലിന് തുടക്കമായി

മുഹമ്മ: വേമ്പനാട് കായലിലെ മത്സ്യസമ്പത്ത്, കക്കാ സമ്പത്ത് എന്നിവ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന കണ്ടല്‍ നടീല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തണ്ണീര്‍മുക്കത്ത് നടന്നു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഘടക പദ്ധതിയായി വേമ്പനാട് കായലിലെ മത്സ്യങ്ങള്‍ക്ക് പ്രജനനത്തിന് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കുന്നതിനും കായല്‍ തീരത്തെ മണ്ണൊലിപ്പില്‍ നിന്നും അനധികൃത കൈയ്യേറ്റങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും വിഭാവനം ചെയ്തിട്ടുള്ള കണ്ടല്‍ നടീല്‍ പദ്ധതിക്കാണ് തുടക്കമായത്.
ഹാച്ചറിയില്‍ ഉത്പാദിപ്പിച്ച കണ്ടല്‍ തൈകള്‍ കായലിന്റെ തീരങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടുപിടിച്ചാണ് നടുന്നത്. ഫിഷറീസ് വകുപ്പും തണ്ണീര്‍മുക്കം പഞ്ചായത്തിന്റേയും മേല്‍നോട്ടത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍/തൊഴിലുറപ്പ് തൊഴിലാളികള്‍ 521ാം നമ്പര്‍ മത്സ്യ സംഘവും വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഴം കുറഞ്ഞ കായല്‍ തീരങ്ങളില്‍ നേരിട്ടും ആഴം കൂടിയ ഇടങ്ങളില്‍ മുളംകുറ്റികളിലും തൈകള്‍ നടുന്ന പദ്ധതിയാണ് ആരംഭിച്ചത്.
കുടുംബശ്രീ യൂണിറ്റുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്വാശ്രയ സംഘങ്ങള്‍ എന്നിവയിലൂടെയാണ് പദ്ധതിയുടെ നടത്തിപ്പ്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു. വികസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ രമാമദനന്‍ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുധര്‍മ്മസന്തോഷ്, ബിനിത മനോജ്, രേഷ്മരംഗനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ സെബാസ്ററ്യന്, എന്‍.വി ഷാജി, സനല്‍നാഥ്, സാനുസുധീന്ദ്രന്‍. സിഡിഎസ് പ്രസിഡന്റ് ശ്രീജ ഷിബു, ഫിഷറീസ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഹൈര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രമേഷ് ശശിധരന്, സ്വാഗത സംഘം പ്രസിഡന്റ് കെ.വി ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.