അതിജീവനം: കൗമാര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

post

ഇടുക്കി: 20 മാസത്തെ അടച്ചിടല്‍ മൂലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളം യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന ' അതിജീവനം ' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.  തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ വച്ച് നടന്ന ജില്ലാ തല ഏകദിന പരിശീലനം ഡയറ്റ് പ്രിന്‍സിപ്പല്‍ എം.കെ. ലോഹിദാസന്‍ ഉദ്ഘാടനം ചെയ്തു.  വിവിധ ബി.ആര്‍.സി.കളെ പ്രതിനിധീകരിച്ച് ഹയര്‍ സെക്കന്‍ഡറി സൗഹൃദ കോര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ട്രെയിനര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.  ദീര്‍ഘക്കാലത്തെ അടച്ചിടല്‍ കുട്ടികളില്‍ പല രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് അവരില്‍ ഉണ്ടായിട്ടുള്ള സാമൂഹ്യ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അതിജീവനം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്.  അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനവും പങ്കാളിത്തവും ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.   കോവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ ദൈനംദിനചര്യകളിലുണ്ടായ മാറ്റങ്ങള്‍ മൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്രശ്‌നങ്ങളെ യുക്തിസഹമായി സ്വയം വിലയിരുത്തി കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിനും കൂട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടി അവര്‍ക്ക് സ്വയം പരിഹാരം കണ്ടെത്തുന്നതിനും കുട്ടികളെ സഹായിക്കുക എന്നതാണ് അതിജീവനം പദ്ധതിയുടെ ലക്ഷ്യം.  ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പുറമേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കുന്നതിനായി സമഗ്രശിക്ഷാ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളിലും ഊരുവിദ്യാകേന്ദ്രങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് സമഗ്രശിക്ഷാ കേരളം ഇടുക്കി ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി അറിയിച്ചു.