സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പുത്തനുണര്‍വ് :മന്ത്രി. ടി. എം. തോമസ് ഐസക്ക്

post

ആലപ്പുഴ :സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുന്‍പൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് . സംസ്ഥാനത്തെ കടല്‍തീരമേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കികൊണ്ട് കേരള സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആലപ്പുഴ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായുള്ള സംസ്ഥാന തല കബഡി ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ ബീച്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റില്‍ ഏകദേശം 2000 കോടിയോളം രൂപയാണ് സ്‌പോര്‍ട്‌സിനായി ഇത്തവണ മാറ്റിവെച്ചത് . സംസ്ഥാനത്തെ കായിക താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് അന്താരാഷ്ട്ര വേദികളില്‍ വരെ കാഴ്ച വെക്കുന്നത്. അടുത്ത ബജറ്റില്‍ സ്‌പോര്‍ട്‌സിനായി കൂടുതല്‍ തുക നീക്കിവെക്കും. ജില്ലയിലെ കായികരംഗം ഊര്‍ജപ്പെടുത്താന്‍ ചെത്തി മാരാരിക്കുളം ഭാഗങ്ങളിലായി ഹോക്കി, ക്രിക്കറ്റ് , ഫുട്ബാള്‍ ഗ്രൗണ്ടുകള്‍ ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

സംസ്ഥാനത്തെ 14 ജില്ലകളെയും പ്രതിനിധീകരിച്ചു കൊണ്ടുള്ള പുരുഷ  വനിതാ ടീമുകള്‍ ആണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ആലപ്പുഴ ലിയോ തേര്‍ടീന്‍ത് സ്‌കൂളില്‍ നിന്ന് ദീപശിഖ ബീച്ചില്‍ എത്തിച്ചു. മേളയ്ക്ക് മുന്നോടിയായി കളരിപപ്പയറ്റ്, നാടന്‍പ്പാട്ട്, മുതലായവ അരങ്ങേറി. ചടങ്ങിനോടനുബന്ധിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേഷ് നടേശന്‍, മുന്‍ അന്താരാഷ്ട്ര കബഡി താരങ്ങള്‍ എന്നിവരെ ആദരിച്ചു. സംസ്ഥാന തലത്തില്‍ ആലപ്പുഴ കൂടാതെ തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാണ് ബീച്ച് ഗെയിംസ് നടക്കുന്നത്.ഇന്ന്  (9/2/2020) മേള അവസാനിക്കും. പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ വിജയികള്‍ക്കായുള്ള സമ്മാനദാനം നിര്‍വഹിക്കും. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ജെ ജോസഫ് , ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി മാത്യു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.