താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും: ജില്ലാതല വിജിലന്‍സ് കമ്മിറ്റി

post

പാലക്കാട്:റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍ പറഞ്ഞു. ഇവിടെ സ്വീകരിക്കുന്ന അപേക്ഷകളില്‍  സ്വീകരിച്ച നടപടികള്‍ അപേക്ഷകനെ കൃത്യമായി അറിയിക്കും.അപേക്ഷകളുടെ മോണിറ്ററിങ്ങിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 കാര്യക്ഷമവും സുഗമവും പരാതി രഹിതവുമായ രീതിയില്‍ നടപ്പിലാക്കുന്നതിന് രൂപീകരിച്ച ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ്ഇക്കാര്യംഅറിയിച്ചത്. യോഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്‍ അധ്യക്ഷനായി.


എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കുന്നതിന് സീനിയോറിറ്റി മാത്രം പരിഗണിക്കാതെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിഗണന നല്‍കി കാര്‍ഡുകള്‍ തരം മാറ്റണമെന്ന് യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എ.ഡി.എം  അറിയിച്ചു.

ഭക്ഷ്യവസ്തുക്കളിലെ മായം പരിശോധിക്കുന്നതിന് ജില്ലയില്‍ മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ മായം പരിശോധിക്കുന്നതിനോടൊപ്പം ഇത് സംബന്ധിച്ച  ബോധവത്ക്കരണവും മൊബൈല്‍  ലാബുകള്‍ വഴി ലഭ്യമാക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ (പാലക്കാട് സര്‍ക്കിള്‍) രമേശ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് സ്‌കൂളുകള്‍, കോളനികള്‍ റസിഡന്‍സ് അസോസിയേഷനുകള്‍, ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം  നടത്തുമെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ (പാലക്കാട് സര്‍ക്കിള്‍) അറിയിച്ചു.

അങ്കണവാടികളിലെ പോഷകാഹാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ ഓരോ അങ്കണവാടി കേന്ദ്രങ്ങളിലും യോഗം വിളിച്ചു ചേര്‍ക്കുമെന്ന്   ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍ സി.ആര്‍ ലത പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുവിതരണം ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രതിനിധി സുധീഷ് കുമാര്‍, വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ പ്രതിനിധി സി. ബാലന്‍, സിവില്‍ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.